ജാമ്യം നിന്ന സർക്കാർ ഉദ്യോഗസ്ഥൻ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചത് വായ്പാ തിരിച്ചടവ് മുടങ്ങിയത് കൊണ്ട്

Advertisement

തിരുവനന്തപുരം: വെള്ളറടയിൽ സർക്കാർ ഉദ്യോഗസ്ഥൻ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചത് വായ്പാ തിരിച്ചടവ് മുടങ്ങിയത് കൊണ്ട്.
വെള്ളറട ചെമ്പൂര് സ്വദേശിയും തിരുവനന്തപുരം കോർപറേഷൻ ലോക്കൽ ഫണ്ട് ഓഡിറ്ററുമായ ഷാജിയാണ്(43) സുഹൃത്തായ അനിൽകുമാറിൻ്റെ വീട്ടിൽ തൂങ്ങി നിലയിൽ കണ്ടെത്തിയത്.ഷാജിയും അനിൽ കുമാറും സുഹൃത്തുക്കളായിരുന്നു. ബിസിനസ് ആവശ്യത്തിനായി ഷാജി ജാമ്യം നിന്ന് കെ എസ് എഫ് ഇ യിൽ നിന്ന് അനിൽകുമാർ വായ്പ എടുത്തു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ഷാജിയുടെ ശമ്പളത്തിൽ നിന്ന് തിരിച്ചടവ് തുക കെ എസ് എഫ് ഇ പിടിക്കാൻ തുടങ്ങി. ഇക്കാര്യം പല തവണയായി അനിൽകുമാറിനോട് പറഞ്ഞെങ്കിലും തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിൽ മനംനൊന്ത ഷാജി അനിലിൻ്റെ വീടിൻ്റെ രണ്ടാമത്തെ നിലയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. വീടിന് പിറകിലൂടെ മുകൾ നിലയിൽ കയറാൻ കഴിയും. വീടിൻ്റെ ചുമരിൽ സാമ്പത്തീക പ്രതിസന്ധിയെപ്പറ്റി ഷാജി എഴുതി വെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതൽ ഷാജിയെ കാണാതായിരുന്നു. ഭാര്യ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിൽ ഷാജിയുടെ കാർ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് എത്തിയപ്പോഴാണ് സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളറട പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുന്നു.

Advertisement