‘എനിക്കുള്ള പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാള്‍ക്കെതിരായ വിദ്വേഷം ആകരുത്… ആസിഫ് അലി

Advertisement

തന്നെ പിന്തുണച്ച എല്ലാ മലയാളികള്‍ക്കും നന്ദിയെന്നും തനിക്കുള്ള പിന്തുണ വെറുപ്പിന്റെ പ്രചാരണമാക്കി മാറ്റരുതെന്നും നടന്‍ ആസിഫ് അലി. രമേശ് നാരായണന്‍ പൊതുവേദിയില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു നടന്‍. കൊച്ചിയില്‍ നടന്ന സിനിമാ പ്രമോഷന്‍ ചടങ്ങിനിടെയായിരുന്നു ആസിഫിന്റെ പ്രതികരണം.
‘എനിക്കുള്ള പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാള്‍ക്കെതിരായ വിദ്വേഷം ആകരുത്. അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന വേദന എനിക്ക് മനസ്സിലാകും. ഞാന്‍ സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആള്‍ തന്നെയാണ്. പക്ഷെ അത് എന്റെത് മാത്രമാണ്. അത് പരസ്യമായി പ്രകടിപ്പിക്കാറില്ല’- ആസിഫ് പറഞ്ഞു.
എംടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ രമേശ് നാരായണനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. അതിനിടെയാണ് സംഭവത്തില്‍ ആദ്യപ്രതികരണവുമായി ആസിഫ് രംഗത്തുവന്നത്.
‘അദ്ദേഹത്തിനെതിരെയുള്ള വിദ്വേഷ പ്രചരണത്തിന് ഒരവസരം ഉണ്ടാക്കരുതെന്നുള്ളതുകൊണ്ടാണ് മാധ്യമങ്ങളെ കാണുന്നത്. പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിക്കുമ്പോള്‍ പേര് മാറ്റി വിളിക്കുന്ന അവസ്ഥയുണ്ടായി. എല്ലാ മനുഷ്യരും അനുഭവിക്കുന്ന ഒരു ടെന്‍ഷന്‍ ആ സമയത്ത് അദ്ദേഹത്തിനും അനുഭവപ്പെട്ടിട്ടുണ്ടാകാം. ഒരുപാട് പ്രശ്നങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹവും ഉണ്ടായിരുന്നത്. എല്ലാവരും പ്രതികരിക്കുന്ന രീതിയിലാണ് അദ്ദേഹവും പ്രതികരിച്ചത്. പക്ഷെ അത് ക്യാമറ ആംഗിളിലൂടെ വരുമ്പോള്‍ കുറച്ച് എവിഡന്റായി ഫീല്‍ ചെയ്തു. ആ സംഭവത്തില്‍ എനിക്ക് ഒരു തരത്തിലും പരിഭവവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അത് എന്റെ റിയാക്ഷനില്‍ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകും’- ആസിഫ് പറഞ്ഞു.

‘ഇതിന് എന്തു മറുപടി പറയുമെന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. അത് വേറെ ഒരുതലത്തിലേക്ക് പോകാന്‍ പാടില്ലെന്ന് എനിക്ക് തോന്നി. ഇത് മതപരമായ രീതിയിലേക്ക് ഉള്‍പ്പടെ ചര്‍ച്ച ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് മാധ്യമങ്ങളെ കാണുന്നത്. ഇന്ന് രാവിലെ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. എന്നോട് മാപ്പുപറയേണ്ടുന്ന അവസ്ഥ വരെ എത്തിച്ചതായി തോന്നി. അതിലൊക്കെ എനിക്ക് ഒരുപാട് വിഷമം ഉണ്ട്. വീണ്ടും പറയുന്നു. പിന്തുണ നല്‍കയതില്‍ സന്തോഷമുണ്ട്. ലോകത്തുള്ള എല്ലാ മലയാളികളും അവരെ കൊണ്ടുപറ്റുന്ന രീതിയില്‍ എന്നെ പിന്തുണച്ചു. കലയോളം തന്നെ കലാകാരനെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍ എന്ന് നമ്മള്‍ വീണ്ടും തെളിയിച്ചു. എന്നാല്‍ അത് ഒരുവിദ്വേഷ പ്രചാരണമാക്കുന്നതിനോട് എനിക്ക് ഒരു താത്പര്യവുമില്ല. അദ്ദേഹം അത് മനഃപൂര്‍വം ചെയ്തതല്ല. ഒരുകലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വേറെ ഒരു ചര്‍ച്ചയിലേക്ക് ഇതിനെ കൊണ്ടുപോകരുത്. ഇത് കഴിഞ്ഞതായി ഞാന്‍ ആഗ്രഹിക്കുന്നു’- ആസിഫ് പറഞ്ഞു.