സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, മഴക്കെടുതിയിൽ നാല് പേർ മരിച്ചു

Advertisement

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ഇന്ന് നാല് പേർ മരിച്ചു. വിവിധ ഇടങ്ങളിലായി നിരവധി വീടുകൾ തകർന്നു. സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


കാലവർഷം ശക്തി പ്രാപിച്ചതോടെ മഴ തകർത്തു പെയ്യുകയാണ്.  സംസ്ഥാനത്തുടനീളം ഉണ്ടായ മഴക്കെടുതിയിൽ ഇന്ന് നാല് പേർ മരിച്ചു. ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപം മരം വീണ് പരുക്കേറ്റ ബൈക്ക് യാത്രികനായ  സിയാദ് മൻസിലിൽ ഉനൈസ് ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഇടുക്കി മാങ്കുളത്ത് കാൽവഴുതി പുഴയിൽ വീണ താളുംകണ്ടം സ്വദേശി സനീഷിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട്‌  നായർകുന്ന് ചെക്ക്ഡാമിൽ  വീണ് കാണാതായ മുതുകുന്നി സ്വദേശി രാജേഷിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി.

തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ അലോഷ്യസ് മരിച്ചു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് മഴ കനത്ത നാശനഷ്ടം വിതച്ചത്. ഇടുക്കി കരുണാപുരത്തും ഉടുമ്പൻ ചോലയിലും മരം വീണ് വീടുകൾ തകർന്നു. കോട്ടയം കുമരകത്ത് ചെങ്ങളം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിൽ മൂന്നു ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. വടക്കൻ ജില്ലകളിൽ മഴയുടെ ശക്തികുറഞ്ഞെങ്കിലും മഴക്കെടുതികൾക്ക് കുറവില്ല. മലപ്പുറം എടവണ്ണപ്പാറ വിളയിൽ എളങ്കാവിൽ വെള്ളം കയറി. തടത്തിൽ പള്ളിക്കടവ് റോഡ് പൂർണമായും മുങ്ങി. പരപ്പനങ്ങാടിയിൽ മരം വീണ് കണ്ടെയ്നർ ലോറി തകർന്നു.

കോഴിക്കോട് ചാലിയാറിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നതോടെ മാവൂർ, ചാത്തമംഗലം ,പെരുവയൽ മേഖലയിൽ വീടുകളിൽ വെള്ളം കയറി. ജില്ലയിൽ 33 വീടുകളാണ് ഭാഗികമായി തകർന്നത്. വിലങ്ങാട് പുല്ലുവ, വാണിമേൽ പുഴകളിൽ ജലനിരപ്പുയർന്നു. വനമേഖലയിൽ ഉരുൾപൊട്ടിയതായാണ് സംശയം. വടകരയിൽ മിന്നൽ ചുഴലിയിൽ കടകൾ തകർന്നു. വയനാട് കൽപ്പറ്റ ബൈപ്പാസിൽ മലവെള്ളപ്പാച്ചിലിൽ  തടയണകൾ തകർന്ന് കല്ലുകൾ റോഡിലേക്ക് പതിച്ചു. ഏറെനേരം ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സും പോലീസും എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Advertisement