കൊളപ്പുള്ളിയിൽ പോലീസ് ജീപ്പിടിച്ച് യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും അട്ടിമറിച്ചു

Advertisement

പാലക്കാട്. കൊളപ്പുള്ളിയിൽ പോലീസ് ജീപ്പിടിച്ച് യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും അട്ടിമറിച്ചു. അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടും ഷോർണൂർ പോലീസ് കേസെടുത്തില്ലെന്ന് കാട്ടിയാണ് ചേലക്കര സ്വദേശിയായ യുവതി പരാതി നൽകിയത്. എന്നാൽ പരാതി അന്വേഷിക്കാൻ ഷോർണൂർ എസ് എച്ച് ഒയെ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.


250 രൂപ ദിവസക്കൂലിക്ക് ബേക്കറിയിൽ പണിയെടുക്കാൻ ആദ്യദിനം പോകുന്നതിനിടയിലാണ് ഒറ്റപ്പാലം സിഐ സഞ്ചരിച്ച ജീപ്പ് രജനിയെയും സുഹൃത്ത് സുജയെയും കുളപ്പുള്ളിയിൽ വച്ച് ഇടിച്ചു തെറിപ്പിക്കുന്നത്. രജനിക്ക് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെ ജീപ്പിന് കേടുപാട് വരുത്തി എന്നു പറഞ്ഞു വാഹനം ഓടിച്ചയാൾക്കെതിരെ കേസെടുത്തു. രജനിയുടെ പരാതി സ്വീകരിച്ചതുമില്ല. ഇതോടെയാണ് രജനി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എന്നാൽ ആ പരാതി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതാകട്ടെ കേസെടുക്കാത്ത ഷോർണൂർ എസ് എച്ച് ഒ തന്നെ. സംഭവത്തിൽ പോലീസിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അതിൽ അന്വേഷണം നടക്കുന്നതിനാർ മറ്റൊരു പരാതി സ്വീകരിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി രജനിയുടെ ആവശ്യം തള്ളി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്നെ അട്ടിമറിക്കപ്പെട്ടതോടെ നിസ്സഹായാവസ്ഥയിലാണ് രജനിയും കുടുംബവും. എന്നാൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചെന്നും ആദ്യ ബില്ലിന്റെ പകുതി തുക നൽകിയെന്നും സിഐയും വിശദീകരിക്കുന്നു.

Advertisement