വയനാട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി ചുമതലകള്‍ നേതാക്കള്‍ക്ക് വിഭജിച്ച് നല്‍കി കെപിസിസി ക്യാംപ് എക്സിക്യുട്ടീവിന് സമാപനം. വിവാദങ്ങളില്‍ തൊടാതെയാണ് ഇത്തവണത്തെ നേതൃയോഗത്തിന് സമാപനമായത്. ശുഭാപ്തി വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് നേതാക്കള്‍ ക്യാമ്പ് വിട്ടിറങ്ങുന്നതെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ പ്രതികരണം.
വിവാദങ്ങളൊഴിവായ കോണ്‍ഗ്രസ് സംഘടനാ സമ്മേളനമായിരുന്നു ഇത്തവണത്തേത്. ലക്ഷ്യം ഉപതെരഞ്ഞെടുപ്പും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും. ഇതിനായി സംഘടനയെ സജ്ജമാക്കാനുള്ള കര്‍മ്മ പദ്ധതികളാണ് വയനാട്ടില്‍ രണ്ട് ദിവസമായി നടന്ന ക്യാമ്പില്‍ ആവിഷ്കരിച്ചത്.
ഇതില്‍ പ്രധാനമായിരുന്നു ചുമതലയുടെ വിഭജനം. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ചുമതല കെ സുധാകരനും എറണാകുളത്തിന്‍റേത് വിഡി സതീശനുമാണ്. കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയ്ക്കും തൃശ്ശൂര്‍ എഐസിസി സെക്രട്ടറി റോജി എം ജോണിനും കൊല്ലം മുന്‍ മന്ത്രി വി.എസ്.ശിവകുമാറിനും തിരുവനന്തപുരം പി.സി.വിഷ്ണുനാഥിനും വിഭജിച്ചുനല്‍കി. ജില്ലകളെ മൂന്ന് മേഖലകളായി വിഭജിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും ചുമതല നല്‍കി. ഉത്തരമേഖല ടി സിദ്ദഖിനാണ് ചുമതല മധ്യമേഖല ടിഎന്‍ പ്രതാപനും, ദക്ഷിണ മേഖല കൊടിക്കുന്നില്‍ സുരേഷിനുമാണ് നല്‍കിയിരിക്കുന്നത്. ജില്ലകളുടെ സംഘടനാ ചുമതലവഹിക്കുന്ന ജനറല്‍ സെക്രട്ടറിമാറിക്ക് പുറമെ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി നല്‍കിയിട്ടുണ്ട്. എല്ലാ നേതാക്കളെയും കൂട്ടിയിണക്കി മുന്നോട്ടുപോകുമെന്നും തെരഞ്ഞെടുപ്പുകള്‍ക്ക് കോണ്‍ഗ്രസ് സജ്ജമെന്നും കെസി വേണുഗോപാല്‍
പ്രദേശിക തലത്തിലുള്ള ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാനും സര്‍ക്കാരിനെതിരായ പ്രചാരണം ശക്തിപ്പെടുത്താനും തീരുമാനമെടുത്തു. പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനത്തിനെതിരായ പ്രമേയമടക്കം അംഗീകരിച്ചാണ് കെപിസിസി ക്യാമ്പ് എക്സിക്യുട്ടീവ് സമാപിച്ചത്