എപ്പോഴും മനുഷ്യപക്ഷത്തു നിന്ന ഒരാള്‍

Advertisement

തിരുവനന്തപുരം.മനുഷ്യപക്ഷത്തു നിന്ന ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. തൊഴില്‍ വകുപ്പ് മന്ത്രി മുതല്‍ മുഖ്യമന്ത്രി വരെയുള്ള സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഊന്നല്‍. വന്‍കിട പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേരളത്തിന്റെ വളര്‍ച്ചയുടെ ഗതിവേഗം കൂട്ടിയപ്പോഴും ജനങ്ങളുടെ കണ്ണീരൊപ്പുന്ന മുഖ്യമന്ത്രിയായി അറിയപ്പെടാനാണ് ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചത്.

കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞം തുറമുഖത്തിനും കണ്ണൂര്‍ വിമാനത്താവളത്തിനും തുടക്കം കുറിച്ച ഉമ്മന്‍ചാണ്ടിയെ ശക്തനായ ഭരണാധികാരിയായിട്ടാണ് ചരിത്രം അടയാളപ്പെടുന്നത്. സമഗ്ര വികസനത്തിന് നേതൃത്വം നല്‍കിയപ്പോഴും ക്ഷേമ പ്രവര്‍ത്തനങ്ങളിലായിരുന്നു മുന്‍ഗണന. തൊഴിലില്ലായ്മ വേതനം നടപ്പാക്കിയതു മുതല്‍ ഇതു വ്യക്തമാണ്. ശ്രവണ പരിമിതിയുള്ള കുട്ടികള്‍ക്കായി നടപ്പാക്കിയ കോക്ലിയാര്‍ ഇംപ്ലാന്റേഷനായിരുന്നു കരുതലിന്റെ മികച്ച ഉദാഹരണം. സാധാരണക്കാര്‍ക്ക് ഭരണാധികാരിയെ കാണാനും അടുത്തുനിന്ന് പരാതി പറയാനും അവസരം ഒരുക്കിയ ജനസമ്പര്‍ക്ക പരിപാടിയാണ് ഒരു പക്ഷേ ഉമ്മന്‍ചാണ്ടിയെന്ന ഭരണകര്‍ത്താവിനെ ചരിത്രത്തില്‍ മികവുള്ളതാക്കി തീര്‍ത്തത്. മാസങ്ങളെടുത്ത് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ പോലും അഞ്ച് മിനിറ്റില്‍ തീര്‍പ്പാക്കാനുള്ള വൈദഗ്ധ്യമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന ഭരണകര്‍ത്താവിന്റെ സവിശേഷത. ഏതു പ്രശ്‌നത്തിനും ഉമ്മന്‍ചാണ്ടിക്ക് പരിഹാരമുണ്ടായിരുന്നു. ഉദ്യോഗസ്ഥ ഫയല്‍കുറിപ്പുകളെ മറികടകടന്നുള്ള പരിഹാരമാര്‍ഗമാണ് ഉമ്മന്‍ചാണ്ടിിയെ ജനപ്രിയനാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അര്‍ഹരായവര്‍ക്കെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അതിവേഗം ബഹുദൂരമെന്ന ആപ്തവാക്യത്തിലൂന്നിയായിരുന്നു മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം. പിന്നീട് വിവാദങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറ വഴി വെബ്കാസ്റ്റിംഗ് നടപ്പാക്കി് സുതാര്യത ഉറപ്പിക്കാനും ശ്രമിച്ചു. രാഷ്ട്രീയ എതിരാളികളോട് ഭരണാധികാരികള്‍ വിദ്വേഷം കാട്ടുമ്പോള്‍ ഉമ്മന്‍ചാണ്ടി ഇതിലും വ്യത്യസ്തനായിരന്നു. എതിരാളിയുടെ വിമര്‍ശനങ്ങളെ ക്ഷമയോടെ ഉള്‍ക്കൊള്ളാനും ഭരണാധികാരിയെന്ന നിലയില്‍ കഴിഞ്ഞതും ഉമ്മന്‍ചാണ്ടിയെ ജനപ്രിയനാക്കി.

ജനസമ്പർക്ക പരിപാടിയിലൂടെ ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി സൃഷ്ടിച്ചെടുത്ത ജനകീയത ചെറുതായിരുന്നില്ല. സംസ്ഥാനത്ത് ഉടനീളം ലക്ഷക്കണക്കിന് ആളുകളെയാണ് ഉമ്മൻചാണ്ടി നേരിൽ കണ്ട് പരാതി കേട്ടത്. ഐക്യരാഷ്ട്രസഭയുടെ പോലും അംഗീകാരം ലഭിച്ച കർമ്മ പരിപാടി കേരളത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയുമായിരുന്നു.

കിടപ്പുരോഗികൾ അടക്കമുള്ള കാത്തിരുന്ന എത്രയോ മനുഷ്യർക്ക് ആശ്വാസമായിരുന്നു ആ നടപടി. നേരിൽ കണ്ട് പരാതി പറഞ്ഞവർക്കാർക്കും നിരാശപ്പെടേണ്ടി വന്നില്ല. കഴമ്പുള്ള പരാതി എങ്കിൽ നടപടിയുണ്ടായി. 19 മണിക്കൂർ ഒറ്റ നിൽപ്പിൽ ജനങ്ങളുടെ പരാതികൾ ഒരു മുഖ്യമന്ത്രി കേട്ടു എന്നത് ആരു വിശ്വസിക്കാനാണ്.

സർക്കാരിന്റെ ചുവപ്പുനാട പരിഹരിക്കാനുള്ള 44 ഉത്തരവുകളാണ് ജനസമ്പർക്ക പരിപാടിക്ക് ശേഷം പുറത്തിറങ്ങിയത്. ജനങ്ങളെ അത്രമേൽ കേട്ടെന്നതിന്റെ തെളിവ്. 2004 ലാണ് ആദ്യമായി ഇങ്ങനെ ഒരു കർമ്മപദ്ധതി ഉമ്മൻചാണ്ടി നടപ്പിലാക്കിയത്. എന്നാൽ അത് ഏറ്റവും ഭംഗിയായി നടന്നത് 2011 – 16 കാലയളവിലായിരുന്നു

Advertisement