പുറത്താക്കിയാലും കോൺഗ്രസ് വിട്ടുപോകില്ല; കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല: കെ മുരളീധരൻ

Advertisement

കോഴിക്കോട്:
പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും കോൺഗ്രസ് വിട്ട് താൻ പോകില്ലെന്ന് കെ മുരളീധരൻ. മരിച്ചുപോയ കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല. വയനാട് കെപിസിസി എക്‌സിക്യൂട്ടീവിൽ തൃശ്ശൂർ പരാജയം ചർച്ചയായിട്ടില്ല. വയനാട് ഉപതെരഞ്ഞെടുപ്പിൽ സജീവമായി രംഗത്തുണ്ടാകും.
തദ്ദേശ തെരഞ്ഞെടുപ്പിൽ പിസി വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോർപറേഷനിലും സജീവമായി പ്രവർത്തിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയായതു കൊണ്ടാണ് ഇന്ന് കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത്.
ഓടി നടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാകില്ല. കെ സുധാകരന് കണ്ണൂരും രമേശ് ചെന്നിത്തലക്ക് കോഴിക്കോടും നൽകിയത് നല്ല തീരുമാനമാണ്. ഇങ്ങനെയാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നും മുരളീധരൻ പറഞ്ഞു.