വാർത്താനോട്ടം

Advertisement

2024 ജൂലൈ 19 വെളളി

BREAKING NEWS

👉 കർണ്ണാടകയിലെ അങ്കോളയിൽ മണ്ണിടിഞ്ഞ് ലോറിയും ഡ്രൈവറേയും കാണാതായി

👉 കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30 ) നെയാണ് കാണാതായത്.അർജുൻ ഓടിച്ചിരുന്ന ലോറി മണ്ണിടിച്ചിലിനടിയിൽ പെടുകയായിരുന്നു.

👉 അങ്കോളയിൽ ദേശീയ പാതയിൽ രക്ഷാപ്രവർത്തനം തുരുന്നു. ശക്തമായ മഴ പ്രവർത്തനത്തിന് തടസ്സം.

👉 ബീച്ച് ആശുപത്രിയിൽ’ ചികിത്സക്കെത്തിയ പെൺകുട്ടിയോട് അതിക്രമം കാട്ടിയ ആരോഗ്യപ്രവർത്തകനെ സസ്പെൻഡ് ചെയ്യും

🌴കേരളീയം🌴

🙏 വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ. സംസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് 2 പേര്‍ മരിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് ജില്ലയിലെ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

🙏 അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളതിനാല്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

🙏 കാലവര്‍ഷം ശക്തമായി പെയ്യുമ്പോഴും ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 12 ശതമാനം മഴക്കുറവ്. 1043.7 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 922.6 മില്ലി മീറ്ററാണ് ലഭിച്ചത്. ജൂണിലെ മഴക്കുറവ് കാരണമാണ് സംസ്ഥാനത്തൊട്ടാകെ മഴക്കുറവുണ്ടാകാന്‍ കാരണം.

🙏 ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന് പിന്നാലെ കൊല്‍ക്കത്ത ഭാഗത്ത് മറ്റൊരു ന്യൂനമര്‍ദ്ദ സൂചന കൂടിയുള്ളതിനാല്‍ ശക്തമായ മഴ ഈ മാസം മുഴുവന്‍ തുടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.

🙏 പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

🙏 പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈവര്‍ഷത്തെ ബജറ്റിലാണ് പൊഴിയൂരില്‍ പുതിയ തുറമുഖ നിര്‍മ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്.

🙏 120 കോടി രൂപ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇ – ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ കുടിശികയുള്ള മുഴുവന്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകയും വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് വിനിയോഗ പരിധി 100 ശതമാനം ഉയര്‍ത്തിയാണ് തുക ലഭ്യമാക്കുന്നത്.

🙏 ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് സുപ്രീം കോടതി അനുമതി നല്‍കി.

🙏 കെഎസ്ഇബി ഓഫീസുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനമായി. സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും അത്യാധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം.

🇳🇪 ദേശീയം 🇳🇪

🙏 ജമ്മുകശ്മീരില്‍ തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ സമിതി യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. /

🙏നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. റോള്‍ നമ്പര്‍ മറച്ച് ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നാളെ 5 മണിക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

🙏 ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചതോടെ ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായി. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം.

🙏 ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ചണ്ഡിഗഡ് – ദീബ്രുഗഡ് ദില്‍ബര്‍ഗ് എക്സ്പ്രസിന്റെ കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി. 30 പേര്‍ക്ക് പരിക്കേറ്റു. ചണ്ഡിഗഡില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ജിലാഹി സ്റ്റേഷന് സമീപമായിരുന്നു അപകടം.

🙏 മോദിക്കെതിരെ പരോക്ഷവിമര്‍ശനവുമായി വീണ്ടും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചിലര്‍ക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാന്‍ ആഗ്രഹമുണ്ടെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

🙏 ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിയേക്കും. യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി. ഓഗസ്റ്റ് 22-ന് മുമ്പായി അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് വിവരം.

🇦🇴 അന്തർദേശീയം 🇦🇽

🙏 നാസയുടെ ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് പുറത്ത് കണ്ടുപിടിച്ച ഗ്രഹങ്ങളുടെ എണ്ണം 5502 ആയി. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാള്‍ വലിയ, ഭൂമിയേക്കാള്‍ 1300ലേറെ ഇരട്ടി വലിപ്പമുള്ള ഒരു ഗ്രഹമാണ് ഇപ്പോള്‍ കണ്ടെത്തിയതില്‍ ഒന്ന്.

🙏പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈല്‍ ഇന്റര്‍നെറ്റ് റദ്ദാക്കാന്‍ ഉത്തരവിട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ സഹമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഇതുവരെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

കായികം🏏

🙏 ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ടി20-യില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ രോഹിത് ശര്‍മ തന്നെ നയിക്കും. സഞ്ജു സാംസണ്‍ ടി20 പരമ്പരയില്‍ മാത്രം.

🙏 ദില്ലിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരത്തെ വിമര്‍ശിച്ചതില്‍ ഖേദം അറിയിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. കഴിഞ്ഞ വര്‍ഷം നടന്ന ഗുസ്തിതാരങ്ങള്‍ നടത്തിയ സമരം എല്ലാവര്‍ക്കും പാഠമായിരുന്നു. ഇതുസംബന്ധിച്ചുണ്ടായ വിവാദത്തില്‍ ഖേദമുണ്ട്.