മലപ്പുറം. മണ്ണിൽ പുതഞ്ഞു കിടക്കുന്ന ലോറിക്കകത്ത് നിന്ന് ജീവനോടെ അർജുൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അപകടം നടന്നതിന് തലേദിവസമാണ് അർജുൻ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. അപകട സാധ്യത അങ്കോലയിലെ പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും കാര്യക്ഷമമായി ഇടപെടൽ നടന്നില്ലെന്ന് കുടുംബം പറഞ്ഞു.
കർണാടകയിലെ രാംനഗറിൽ നിന്ന് ലോഡുമായി അർജുൻ മലപ്പുറം എടവണ്ണയിലേക്ക് യാത്രതിരിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ച. യാത്രയ്ക്കിടയിൽ ഭാര്യയുമായി സംസാരിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിക്ക് സുഹൃത്ത് സമീറുമായും സംസാരിച്ചു. പിന്നീടാണ് അർജുനെ കുറിച്ച് യാതൊരു വിവരവുമില്ലാതായത്. പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. ചില സമയങ്ങളിൽ ഫോൺ റിംഗ് ചെയ്തിരുന്നു.
അർജുൻ യാത്ര ചെയ്യുന്ന വഴിയിൽ അപകടം നടന്നെന്ന വാർത്ത അറിഞ്ഞാണ് സുഹൃത്ത് സമീർ ബന്ധുക്കളെ വിവരം അറിയിച്ചത്.
അതിനിടയിൽ മണ്ണിനടിയിൽ ലോറി കുടുങ്ങിക്കിടപ്പുണ്ടെന്ന് വ്യക്തമാക്കുന്ന ജിപിഎസ് ലൊക്കേഷൻ ലഭിച്ചു. ഇക്കാര്യം ഉൾപ്പെടെ അറിയിച്ചിട്ടും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്ന് കുടുംബം.
അർജുന്റെ ലോറിയുടെ എൻജിൻ കഴിഞ്ഞദിവസം രാത്രി വരെ പ്രവർത്തിച്ചു എന്നാണ് ഭാരത് ബെൻസ് അധികൃതർ കുടുംബത്തോട് പറഞ്ഞത്. അതിനാൽ അർജുൻ സുരക്ഷിതനായി ലോറിക്കകത്തുണ്ടാകുമെന്നും രക്ഷാപ്രവർത്തനം ഊർജിതമാക്കണം എന്നുമാണ് കുടുംബത്തിൻറെ ആവശ്യം.