ഇനിയും പഠിച്ചില്ല,ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചവരെ കോര്‍പറേഷന്‍ വനിതാ സ്ക്വാഡ് പിടികൂടി

Advertisement

തിരുവനന്തപുരം. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചവർ പിടിയിൽ. ഇന്നലെ രാത്രി മാലിന്യം നിക്ഷേപിക്കാൻ എത്തിയ ഒൻപത് പേരെയാണ് കോർപ്പറേഷൻ്റെ വനിത സ്ക്വാഡ് പിടികൂടിയത്.

ജോയിയുടെ മരണം മലയാളിയുടെ കണ്ണുതുറപ്പിച്ചില്ല എന്ന് വീണ്ടും വ്യക്തമാവുകയാണ്. ഇന്നലെ രാത്രിയാണ് ആമയിഴഞ്ചാൻ തോടിൻറെ വിവിധ ഭാഗങ്ങളിൽ ഒമ്പത് പേർ വാഹനങ്ങളിൽ എത്തി മാലിന്യം നിക്ഷേപിച്ചത്. ഇവരെ വാഹനമടക്കം കോർപ്പറേഷന്റെ വനിത സ്ക്വാഡ് പിടികൂടി പിഴ ചുമത്തി. ജോയിയുടെ അമ്മയ്ക്ക് സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ മന്ത്രി വി ശിവൻകുട്ടി മാരായമുട്ടത്തെ വീട്ടിലെത്തി കൈമാറി.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജോയിയുടെ വീട്ടിലെത്തി അമ്മ മെൽഹിയെ കണ്ടു. അമ്മയുടെ ചികിത്സ ചെലവ് പ്രതിപക്ഷം ഏറ്റെടുക്കും. പ്രത്യേക കൗൺസിൽ യോഗം കൂടി ജോയിക്ക് വീട് വെച്ച് നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചു.

വീടുവച്ച് നൽകിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ബിജെപി കൗൺസിലർമാർ കുറ്റപ്പെടുത്തി. കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ ചേരിതിരിഞ്ഞ് വാക്കേറ്റം ഉണ്ടായി