പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെ പുഴയില്‍ കുടുങ്ങിപ്പോയ കുട്ടികളെ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുട്ടികള്‍ നിന്നിടത്തേക്ക് ഏണി എത്തിച്ച് സാഹസികമായായിരുന്നു രക്ഷാപ്രവര്‍ത്തനം. ഏണിയില്‍ കയറി രണ്ടു കുട്ടികളും കരയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.
സ്‌കൂള്‍ കുട്ടികളായ മൂന്നു പേരാണ് പുഴയില്‍ കുടുങ്ങിയിരുന്നത്. ഇതില്‍ ഒരാള്‍ പുഴയില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടാളും പുഴയ്ക്ക് നടുവില്‍ പെടുകയായിരുന്നു. മീന്‍ പിടിക്കാനിറങ്ങിയപ്പോഴാണ് പുഴയുടെ നടുവില്‍ പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
ആദ്യം കയര്‍ കെട്ടിയിറങ്ങിയ അഗ്നിരക്ഷാ സംഘം കുട്ടികളുടെ അടുത്തെത്തി. ഇതിനിടെ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് മാറരുതെന്ന് രണ്ട് കുട്ടികള്‍ക്കും ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് കരയില്‍ നിന്ന് കുട്ടികള്‍ നിന്നിരുന്ന ഭാഗത്തേക്ക് ഏണി എത്തിക്കുകയായിരുന്നു. കരയിലേക്ക് എത്തിയ കുട്ടികള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ കുടുങ്ങിയത് കഴിഞ്ഞ ദിവസം നാലംഗ കുടുംബം അപകടത്തില്‍പ്പെട്ട സ്ഥലത്താണ്. പുഴയില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കളേയും വയോധികരായ സ്ത്രീയേയും പുരുഷനേയും ഫയര്‍ഫോഴ്സ് സംഘം കരയ്ക്കെത്തിച്ചിരുന്നു.