സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ’ എന്ന അവസ്ഥയിലാണ് ആഭരണപ്രേമികൾ. കാരണം വേറെ ഒന്നുമല്ല, സംസ്ഥാനത്തെ സ്വർണവില തുടർച്ചയായി കുറയുകയാണ്. 17-ആം തീയ്യതി 55,000 രൂപയിലെത്തിയ പവന്‍റെ വില എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കുറഞ്ഞു. വരും ദിവസങ്ങളിലും സ്വർണവില താഴേക്കിറങ്ങിയാൽ അത് ആഭരണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമായിരിക്കും.
പവന് 54,520 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് വില താഴ്ന്നിരിക്കുന്നത്. അതോടെ ഒരു പവൻ സ്വർണത്തിന് 54,240 രൂപയും, ഗ്രാമിന് 6,780 രൂപയുമാണ് വില.
കഴിഞ്ഞ ബുധനാഴ്ച്ച ആഗോള സ്വർണ്ണ വില ചരിത്രത്തിലെ ഉയർന്ന നിരക്കായ 2,483.60 ഡോളറിലേക്ക് ഉയർന്നിരുന്നു. ഇക്കഴിഞ്ഞ വാരത്തിന്റെ ആദ്യ പകുതിയിൽ മാത്രം 3% ഉയർച്ചയാണ് വിലയിലുണ്ടായിരിക്കുന്നത്. എന്നാൽ പിന്നീട് വൻ തോതിൽ ലാഭമെടുപ്പ് നടന്നതാണ് വില തിരിച്ചിറങ്ങാൻ കാരണം.
ആഗോള തലത്തിൽ, കനത്ത ഇടിവിലാണ് സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. ട്രോയ് ഔൺസിന് 41.05 ഡോളർ (1.68%) താഴ്ന്ന് 2,400.78 ഡോളർ എന്നതാണ് നിരക്ക്.