റഡാര്‍ പരിശോധന നടത്തി മാര്‍ക്ക് ചെയ്ത സ്ഥലത്ത് ലോറി ഇല്ല

Advertisement

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയ മണ്‍കൂനയില്‍ ലോറി ‘ഇല്ല’. റഡാര്‍ പരിശോധന നടത്തി മാര്‍ക്ക് ചെയ്ത സ്ഥലങ്ങളിലെല്ലാം കുഴിച്ചു നോക്കിയെങ്കിലും ലോറി കണ്ടെത്താനായില്ലെന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ അറിയിച്ചു. റോഡില്‍ ലോറി പാര്‍ക്ക് ചെയ്തെന്ന് കരുതുന്ന, മണ്ണിടിഞ്ഞ് വീണ ഭാഗത്തെ മണ്ണിന്റെ 98 ശതമാനം മാറ്റിയെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത പുഴയില്‍ മണ്ണുമല രൂപപ്പെട്ടിട്ടുണ്ട്. അതിനടിയില്‍ ഉണ്ടോ എന്ന് അറിയില്ല. സൈന്യത്തിന്റെ നിര്‍ദേശപ്രകാരം തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍ റോഡിലേക്ക് വീണ മണ്ണിനടിയില്‍ ലോറി ഇല്ല എന്ന് ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ സമയമായിട്ടില്ല. റോഡിലേക്ക് വീണ മണ്ണില്‍ ഒരിക്കല്‍ കൂടി വിദഗ്ധര്‍ പരിശോധന നടത്തും. ഇനിയും കുഴിച്ച് പരിശോധന നടത്താന്‍ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുക. അതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ സാധിക്കൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.