ഡോ: അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു

Advertisement

ആലപ്പുഴ:
കവിയും ചരിത്രകാരനും പ്രഭാഷകനും ആലപ്പുഴ എസ്.ഡി. കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായിരുന്ന അമ്പലപ്പുഴ പടിഞ്ഞാറെനട ഗോവർദ്ധനത്തിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു. 80 വയസ്സായിരുന്നു. പതിറ്റാണ്ടുകളോളം സാസ്കാരിക വേദികളിൽ നിറഞ്ഞുനിന്ന ഇദ്ദേഹം കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ശിഷ്യ സമ്പത്തിന് ഉടമയാണ്.
പത്തിലേറെ കവിതാ സമാഹാരങ്ങളും എട്ടിലധികം ഗദ്യ കൃതികളും പുറത്തിറക്കി. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം, വെണ്മണി പുരസ്‌കാരം, ജന്മാഷ്‌ടമി പുരസ്‌കാരം തുടങ്ങി സാഹിത്യത്തിനുള്ള ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1944 ജൂൺ 27നാണ് ജനനം. മലയാളം കവിയും ചരിത്രകാരനും വാഗ്മിയും എഴുത്തുകാരനുമാണ്.
അമ്പലപ്പുഴയുടെയും പ്രസിദ്ധമായ ശ്രീകൃഷ്ണന്റെയും ഉത്ഭവവും ചരിത്രവും വിവരിക്കുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ ചരിത്രത്തിന്റെ രചയിതാവ് കൂടിയാണ് ഗോപകുമാർ.
വൈക്കം ക്ഷേത്ര കലാപീഠം മുൻ ഡയറക്ടറായിരുന്നു ഡോ. ഗോപകുമാർ. 2016 ഓഗസ്റ്റിൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള ജന്മാഷ്ടമി അവാർഡ് ലഭിച്ചു. ആത്മീയവും ദാർശനികവും സാംസ്‌കാരികവുമായ സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് അമൃത കീർത്തി പുരസ്കാരവും 2016ൽ ലഭിച്ചിട്ടുണ്ട്.

Advertisement