ഡാലിയയുടെ ഹൃദയം അനുഷ്കയില്‍ മിടിച്ചു തുടങ്ങി,ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

Advertisement

തിരുവനന്തപുരം. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം. തൃശ്ശൂർ സ്വദേശിയായ പതിമൂന്നുകാരി അനുഷ്കയിൽ കൊല്ലം സ്വദേശി ഡാലിയയുടെ ഹൃദയം മിടിച്ചു തുടങ്ങി. ഡോ.ബൈജുധരൻ,ഡോ എസ് ഹരികൃഷ്ണൻ, ഡോ.
സൗമ്യ രമണൻ എന്നിവരുടെ നേതൃത്വത്തിലാണ് അഞ്ചുമണിക്കൂർ നീണ്ട ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്.

കിംസ് ആശുപത്രിയിൽ, കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അധ്യാപിക ഡാലിയക്ക് മസ്തിഷ്കമരണം സംഭവിക്കുന്നത് ഇന്നലെ വൈകുന്നേരത്തോടെ. തീരാ വേദനയിലും ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യാൻ ഡാലിയയുടെ ബന്ധുക്കൾ സമ്മതമറിയിച്ചു. രണ്ടുമാസമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു തൃശ്ശൂർ സ്വദേശിയായ പതിമൂന്നുകാരി അനുഷ്ക. ഹൃദയം മാറ്റിവെക്കുക മാത്രമായിരുന്നു പോംവഴി എന്നതിനാൽ കെ സോട്ടൊയിൽ
രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു അനുഷ്കയും കുടുംബവും.ഡാലിയയുടെ ഹൃദയം അനുഷ്കയ്ക്ക് ചേരുമെന്ന് കണ്ടെത്തിയതിനു പിന്നാലെ നടപടികൾ വേഗത്തിലാക്കി കെ സോട്ടൊ. ഹൃദയം വേർപെടുത്തി മിനിറ്റുകൾക്കുള്ളിൽ ഇന്ന് രാവിലെ പത്തുമണിയോടെ ശ്രീചിത്രയിൽ എത്തിച്ചു. പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. ബൈജുധരൻ
കാർഡിയോ വിഭാഗം മേധാവി ഡോ. എസ് ഹരികൃഷ്ണൻ, ഡോ.സൗമ്യ രമണൻ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിൽ ഹൃദയം മാറ്റി വെച്ചു. ഡാലിയയുടെ ഹൃദയം പതിമൂന്നുകാരി അനുഷ്കയിൽ മിടിച്ചു തുടങ്ങി. ശസ്ത്രക്രിയ പൂർണ്ണ വിജയമെന്ന് ശ്രീചിത്ര അധികൃതർ വ്യക്തമാക്കിയതോടെ നേട്ടം നാഴികക്കല്ലായി.
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയമായത് പൊതുജനാരോഗ്യരംഗത്തെ വലിയ കുതിച്ചുചാട്ടമായി വിലയിരുത്തുന്നു. ഹൃദയത്തിന് പുറമെ ഡാലിയയുടെ രണ്ട് വൃക്കകളും കരളും, കണ്ണുകളും 5 പേർക്കാണ് പുതുജീവൻ നൽകുന്നത്.

Advertisement