തിരുവനന്തപുരം.നൂറ്റിയെട്ട് ആംബുലൻസ് ജീവനക്കാർ ഇന്ന് പണിമുടക്കും. കൃത്യ സമയത്ത് ശമ്പളം നല്കുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കെതിരെയാണ് പ്രതിഷേധം.സർവ്വീസ് നിർത്തി വച്ച് മുഴുവൻ ജീവനക്കാരും രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിൽ പ്രതിഷേധ മാർച്ചും നടത്തും.
എല്ലാ മാസവും 7-ാം തീയതിക്കു മുമ്പ് ശമ്പളം നല്കണമെന്നായിരുന്നു ആംബുലൻസ് ജീവനക്കാരുടെ ആവശ്യം. എന്നാൽ ജീവനക്കാരുടെ ആവശ്യത്തെ നിരാകരിച്ച ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കെതിരെ പ്രതിഷേധം നടത്താനൊരുങ്ങുകയാണ് ആംബുലൻസ് ഡ്രൈവർമാർ.ശമ്പളം നൽകാൻ 3.84 കോടി കമ്പനിക്ക് നൽകിയിട്ടുണ്ട്.54 ലക്ഷം കൂടി നല്കാമെന്നു KMSCLഅറിയിച്ചിട്ടും കമ്പനി നിഷേധനിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ജീവനക്കാരുടെ പക്ഷം.കഴിഞ്ഞ 16-ാം തീയതി മുതൽ ജീവനക്കാർ ബഹിഷ്കരണ സമരത്തിലാണ്.ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് കേസുകൾ എടുക്കാതെയാണ് ബഹിഷ്ക്കരണ സമരം നടത്തി വന്നത്. അടിയന്തിര സർവ്വീസുകൾക്കും മുടക്കമുണ്ടായിട്ടില്ല.315 വാഹനവും 1200 ജീവനക്കാരുമാണ് 2019ൽ സേവനം ആരംഭിച്ച 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത് .പദ്ധതിയുടെ നടത്തിപ്പ് ചുമതല അന്നുമുതൽ ഹൈദ്രാബാദ് ആസ്ഥാനമായ ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കാണ്. തുടങ്ങിയവർഷം മുതൽ ജീവനക്കാർക്ക് ശമ്പളം കൃത്യമായി ലഭിച്ചിട്ടില്ല. ഇടയ്ക്കിടെ തൊഴിലാളി യൂണിയനുകൾ പ്രക്ഷോഭം സംഘടിപ്പിക്കുമ്പോഴാണ് ശമ്പളം അക്കൗണ്ടിൽ എത്തുന്നത് . ആംബുലൻസ് ഡ്രൈവേഴ്സ് യൂണിനുകളുമായി നടത്തിയ ചർച്ചയിൽ കമ്പനി ശമ്പളം കൃത്യമായി നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഉറപ്പുകൾ പിന്നീട് പാലിക്കപ്പെട്ടില്ല. സർക്കാരിന്റെ ശ്രദ്ധയിൽ സംഭവമെത്തിക്കാനാണ് സെക്രട്ടറിയേറ്റ് പ്രതിഷേധം.നിപ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട ആംബുലൻസുകളെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.