തിരുവനന്തപുരം.നൂറ്റിയെട്ട് ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു . ആരോഗ്യവകുപ്പും എൻഎച്ച് എം ഡയറക്ടറുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ചയിൽ ശമ്പളം കൃത്യമായി നൽകാമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. ഇതോടെ 108 ആംബുലൻസ് സർവീസുകൾ നടത്തും.
ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആംബുലൻസ് ജീവനക്കാരുടെ സമരം. എല്ലാമാസവും ഏഴാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പിലാക്കാൻ നടത്തിപ്പ് ചുമതലയുള്ള കമ്പനിക്ക് ആയിരുന്നില്ല. പലവിധ പ്രതിഷേധങ്ങളും നടത്തിയിട്ടും പരിഹാരമാകാതെ വന്നപ്പോഴാണ് സെക്രട്ടറിയേറ്റ് പ്രതിഷേധത്തിലേക്കും പണിമുടക്കിലേക്കും ജീവനക്കാരെത്തിയത്. ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ആവശ്യത്തിനുള്ള പണം സർക്കാർ നൽകിയിട്ടും നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ EMRI കമ്പനി അലംഭാവം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 108 ആംബുലൻസ് സർവീസുകളെ സർക്കാർ ഏറ്റെടുക്കണമെന്നും ജീവനക്കാരുടെ ആവശ്യം.
ആരോഗ്യവകുപ്പും എൻ എച്ച് എം ഡയറക്ടറും പങ്കെടുത്ത യോഗത്തിൽ ശമ്പളം കൃത്യമായി നൽകാമെന്ന് ഉറപ്പു നൽകിയതിനാൽ പ്രതിഷേധം താൽക്കാലികമായി പിൻവലിക്കുന്നുവെന്ന് സിഐടിയു നേതാവ് കെ എൻ ഗോപിനാഥ്.
സമരം പിൻവലിച്ചതോടെ നൂറ്റിയെട്ട് ആംബുലൻസുകൾ ഓടിത്തുടങ്ങി.