പുഴയുടെ നടുവിലെ മണ്‍കൂന മറുപടി നല്‍കുമോ,അര്‍ജ്ജുന്‍ എവിടെ

Advertisement

ഷിരൂര്‍. അർജുനായുള്ള തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്,തെരച്ചിലിന് ഇന്ന് ആധുനിക സംവിധാനങ്ങൾ.ഇന്നലെ സിഗ്നൽ കണ്ടെത്തിയ പുഴയിലെ മൺകൂനയിൽ ഇന്ന് വിശദ പരിശോധന.ആഴത്തിൽ ലോഹ ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഇന്ന് എത്തിക്കും.റിട്ട. ജനറൽ എം ഇന്ദ്രബാലൻ പരിശോധനക്കായി ഷിരൂരിൽ എത്തും

ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താനാകുന്ന ഹിറ്റാച്ചി ബൂമർ യന്ത്രം എത്തിച്ചു .പുഴയിലെ തെരച്ചിൽ ദുഷ്കരമായി തുടരുന്നുവെങ്കിലും, ഗംഗാവലിയിലെ മൺകൂനയിൽ സൈന്യത്തിന്റെ റഡാർ പരിശോധനയിൽ ലഭിച്ച പുതിയ സിഗ്നൽ വീണ്ടും പ്രതീക്ഷ നൽകുകയാണ്

ഗംഗാവലി പുഴയുടെ തീരത്ത് ഉയർന്നുനിന്ന മല നിലം പതിച്ചത് ഈ മാസം 16ന്. ദേശീയപാതയും മൂടി അരികിൽ നിറഞ്ഞൊഴുകിയ പുഴയുടെ ഗതിപോലും മാറ്റിയ മഹാദുരന്തം. പാതയോരത്ത് ചായക്കട നടത്തിയിരുന്ന ലക്ഷ്മൺ നായികിന്റെ ഉൾപ്പടെ
ഏഴ് പേരുടെ മൃതദേഹം അന്ന് തന്നെ കണ്ടെത്തി. എന്നാൽ മണ്ണിനടിയിൽ അർജുനും ലോറിയും ഉണ്ടെന്ന വിവരം പുറത്തുവന്നത് മൂന്ന് ദിവസത്തിന് ശേഷം. ദുരന്ത മുഖത്ത് ആദ്യ മൂന്ന് ദിനങ്ങളിൽ നാം കണ്ടത് കടുത്ത അനാസ്ഥയാണ്. മണ്ണിനടിയിലെ ജിപിഎസ് ലൊക്കേഷനുമായി അർജുന്റെ ഉറ്റവർ അങ്കോളയിൽ സഹായം തേടാത്ത സംവിധാനങ്ങളുണ്ടായിരുന്നില്ല.

കടുത്ത സമ്മർദത്തിന് വഴങ്ങി നാലാം ദിനം കർണാടകയിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ തെരച്ചിലിനിറങ്ങി. ആദ്യ ഘട്ടത്തിൽ ജിപിഎസ് ലൊക്കേഷൻ കേന്ദ്രീകരിച്ച് റഡാർ പരിശോധന. നാലിടങ്ങളിൽ സിഗ്നൽ ലഭിച്ചു. പ്രതീക്ഷയോടെ മണ്ണ് നീക്കി. എന്നാൽ ലോറിയുടെ സാന്നിധ്യം എവിടെയും കണ്ടെത്താനായില്ല

ഒടുവിൽ അർജുന്റെ കുടുംബം ആവശ്യപ്പെട്ടതുപോലെ ആറാം ദിനം സൈന്യമെത്തി. അതീവ ദുഷ്കര സാഹചര്യങ്ങളെ അതിജീവിക്കാൻ കരുത്തുള്ള സൈന്യത്തിൽ എല്ലാ പ്രതീക്ഷയും അർപ്പിച്ചു.

15 മീറ്റർ ആഴത്തിൽ പരിശോധന നടത്താൻ സാധിക്കുന്ന ഡീപ്പ് മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ചുള്ള സൈന്യത്തിന്റെ തെരച്ചിലിൽ കരയിലെ കല്ലും മണ്ണും നിറഞ്ഞ ഭാഗത്ത് സിഗ്നൽ ലഭിച്ചു. വീണ്ടും പ്രതീക്ഷയോടെ കാത്തിരിപ്പ്. മണിക്കൂറുകൾക്കകം അതും ലോറിയല്ല എന്ന് വ്യക്തമായി. പിന്നാലെ ലോറി കരയിലില്ലെന്ന സൈന്യത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നു.

എട്ടാം ദിനത്തിലും ഷിരൂരിൽ സൈന്യം തുടർന്നു. നേവിയുടെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് ഗംഗാവലിയുടെ ആഴങ്ങളിൽ പരിശോധന നടത്തി. കനത്ത മഴയും, പുഴയുടെ ഗതിമാറ്റവും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. ഒടുവിലായി പുഴയുടെ നടുവിലെ മൺകൂനയിൽ സൈന്യം കണ്ടെത്തിയ സിഗ്നലിലാണ് ഇനി എല്ലാ കണ്ണുകളും.

അതേസമയം രക്ഷാ ദൗത്യവുമായ് ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രക്ഷാദൗത്യം ഗൗരവമുള്ള വിഷയമാണെന്ന് കര്‍ണാടക ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി അയച്ച നോട്ടീസിന് അവർ ഇന്ന് മറുപടി അറിയിക്കും.

Advertisement