2024 ജൂലൈ 24 ബുധൻ
🌴 കേരളീയം 🌴
🙏 ബജറ്റില്‍ കേരളത്തോട് കാണിച്ചത് ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്തത്ര അവഗണനയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ ഉണ്ടായിട്ടില്ല. വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന രാജ്യത്തിന് അങ്ങേയറ്റം നിരാശയാണുണ്ടാക്കിയത്
🙏 അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഇന്ന് ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയില്‍ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകള്‍ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’.

🙏 അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യം ഗൗരവമുള്ള വിഷയമെന്ന് കര്‍ണാടക ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരു സര്‍ക്കാരുകളോടും ഇന്ന് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള രക്ഷാ ദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
🙏 കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനത്തിലാണ് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് നാളെ അതിശക്ത മഴക്ക് സാധ്യതയുള്ളത്.

🙏 ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13 ന് തിരുവനന്തപുരത്ത് തുടക്കമാവും. ഓണം മേളകള്‍, ഓണം മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ മുതലായവ സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19 ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.
🙏 കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരിയെ വനിതാ കൗണ്‍സിലര്‍ മര്‍ദിച്ചതായി പരാതി. കൊച്ചി നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ സുനിത ഡിക്സനെതിരെയാണ് പരാതി . ഹോട്ടലിന് സമീപത്തെ കാന പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ കൗണ്‍സിലര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചു എന്നാണ് പരാതി.

🙏 തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ ലെവല്‍-2 എയര്‍പോര്‍ട്ട് കസ്റ്റമര്‍ എക്സ്പീരിയന്‍സ് അക്രഡിറ്റേഷന്‍ ലഭിച്ചു. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ വിലയിരുത്തിയാണ് അംഗീകാരം.
🙏 കണ്ണൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. കരിയാട് പടന്നക്കരയിലും ചൊക്ലി ഒളവിലത്തുമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. പടന്നക്കരയില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഒളവിലത്ത് അഞ്ചു വീടുകളും തകര്‍ന്നു. കൂറ്റന്‍ മരങ്ങള്‍ വീണാണ് വീടുകള്‍ തകര്‍ന്നത്. പ്രദേശത്ത് നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്.

🙏 സ്‌കൂള്‍ കുട്ടികളില്‍ അടിക്കടി ഭക്ഷ്യവിഷബാധയുണ്ടാകുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാകണമെന്ന് നിഷ്‌കര്ഷിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ ജലജ
ചന്ദ്രന്‍.
🙏 മലപ്പുറം ചങ്ങരംകുളം നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് പരേതനായ സിദ്ദിക്കിന്റെയും ഫാത്തിമയുടേയും മകന്‍ ശിഹാബുദ്ധീന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്.

🇳🇪 ദേശീയം 🇳🇪
🙏 കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റിനെതിരെ കടുത്ത പ്രതിപക്ഷ പ്രതിഷേധം. ബജറ്റ് വിവേചനപരമാണെന്ന് ഇന്ത്യാ മുന്നണി നേതാക്കള്‍ വ്യക്തമാക്കി. ബജറ്റിനോടുള്ള അസംതൃപ്തിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ മുന്നണി പാര്‍ലമെന്റിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും പാര്‍ലമെന്റിനകത്തും പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
🙏 ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പരാജയപ്പെട്ട ബജറ്റാണിതെന്നും ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികള്‍ക്ക് കൈക്കൂലി നല്‍കുന്ന ബജറ്റാണിതെന്നും സര്‍ക്കാരിന് തകര്‍ച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

🙏 തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ 2024-ലെ കോണ്‍ഗ്രസ് ലോക്സഭാ പ്രകടനപത്രിക വായിച്ചുവെന്നറിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. .
🙏 വികസിത ഭാരതമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ബജറ്റാണ് ധനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതെന്ന് മുന്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഉയര്‍ന്ന വളര്‍ച്ച, കുറഞ്ഞ പണപ്പെരുപ്പം, ദാരിദ്ര്യം കുറയ്ക്കല്‍, നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടുകള്‍ക്ക് ഈ ബജറ്റില്‍ തുടര്‍ച്ചയുണ്ട്.

🙏 നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. വ്യാപക ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നെന്ന് കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ
ബെഞ്ച് ഇന്നലെ പരിഗണിച്ച് വിധി പ്രഖ്യാപിച്ചു .
🙏 ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ലാന്‍സ് നായിക് സുഭാഷ് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ ഭീകരവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

🇦🇴 അന്തർദേശീയം 🇦🇽
🙏 അമേരിക്കയുടെ സുരക്ഷ ഏജന്‍സിയായ യുഎസ് സീക്രട്ട് സര്‍വീസിന്റെ മേധാവി കിംബര്‍ലി ചീയറ്റില്‍ രാജിവെച്ചു. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം തടയുന്നതില്‍ സുരക്ഷ പാളിച്ചകള്‍ ഉണ്ടായി എന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് രാജി. പതിറ്റാണ്ടുകള്‍ക്കിടയില്‍ തങ്ങളുടെ ഏജന്‍സിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവാണ് ജൂലൈ 13ന് പെനിസില്‍വാനിയയില്‍ ഉണ്ടായതെന്ന് കിംബര്‍ലി ജനപ്രതിനിധി സഭാസമിതിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു.

🏏 കായികം 🏑
🙏 ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തില്‍ നേപ്പാളിനെ 82 റണ്‍സിന് വീഴ്ത്തി ഇന്ത്യ വിജയക്കുതിപ്പു തുടരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയപ്പോള്‍ നേപ്പാളിന്റെ മറുപടി 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സില്‍ അവസാനിച്ചു.