സിപിഎം നിര്‍ദ്ദേശം, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാരിന്റെ തീരുമാനം

Advertisement

തിരുവനന്തപുരം. കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതോടെ 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. സി പി ഐ എമ്മിന്റെ നിർദേശ പ്രകാരമാണ് ഇളവുകൾ. ഓഗസ്റ്റ് 1 മുതൽ ഇളവുകൾ പ്രാബല്യത്തിലാകും.

81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ ഈ വിസ്തീർണമുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് 60% കുറയ്ക്കും.ഗ്രാമപഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്. ആറാം ധനകാര്യ കമ്മിഷന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ ഏപ്രിൽ മുതൽ നിരക്കുകൾ 25 ശതമാനം വർധിപ്പിച്ചിരുന്നു. എന്നാൽ നികുതി വർധനവ് തെരഞ്ഞെടുപ്പിലടക്കം ചർച്ചയായി,ഇടതുഭരണത്തിന് ജനകീയമുഖം ഒരുക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഫീസിളവ് പ്രഖ്യാപിക്കുന്നത്.

നികുതിയിളവ് പ്രാബല്യത്തിൽ വരുന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ തനതു വരുമാനത്തിൽ കുറവ് സംഭവിക്കും. 2023 ഏപ്രിൽ ഒന്നിന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്.കേരളത്തിൽ നിലവിലുള്ള പെർമ്മിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമ്മിറ്റ് ഫീസായിരിക്കുമ്പോഴാണ് പാർട്ടിയുടെ നിർദ്ദേശപ്രകാരം സർക്കാർ ഫീസിൽ ഇളവു നൽകുന്നത്. ഇതോടൊപ്പം ഒരു വർഷത്തെ വസ്തു നികുതി ഏപ്രിൽ 30നകം അടക്കുകയാണെങ്കിൽ 5 ശതമാനം റിബേറ്റും ലഭിക്കും.

Advertisement