തിരുവനന്തപുരം. മംഗലപുരത്ത് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ കണ്ടെത്താനായില്ല. ഡ്രോൺ ഉപയോഗിച്ച് കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
മയക്കുവെടി വെച്ചു പിടികൂടാനുള്ള ആദ്യ ശ്രമം വിഫലമായി.
മംഗലപുരം തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിലാണ് കാട്ടുപോത്തിനെ അവസാനമായി കണ്ടത്. ഉച്ചയോടെ വെടി വെച്ചങ്കിലും കൊണ്ടില്ല. ഒച്ച കേട്ട പോത്ത് റോഡിലൂടെ ഓടി വീണ്ടും കാട്ടിൽ കയറുകയായിരുന്നു. അഞ്ചൽ, കുളത്തൂപുഴ, പാലോട്,പരുത്തിപള്ളി റെയ്ഞ്ചുകളിൽ നിന്നും അൻപതോളം വനപാലകരും ആര്‍ആര്‍ടി സംഘങ്ങളും സ്ഥലത്തുണ്ട്. രണ്ടു സർജന്മാരും എത്തിയിട്ടുണ്ട് . അടിക്കാട് കൂടുതലുള്ള പ്രദേശമായതിനാൽ വെടിവെച്ച് പിടികൂടുക എന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യം ആണ്. മാത്രമല്ല മയക്കുവെടി കൊണ്ടാൽ കാട്ടുപോത്തുകൾക്ക് ഭയന്ന് ഹൃദയാഘാതം ഉണ്ടാകാനും സാധ്യത ഉണ്ട്. ഇന്നലെ വൈകിട്ടാണ് പോത്തിനെ ആളുകൾ കണ്ടതെങ്കിലും, ദിവസങ്ങൾക്ക് മുന്നേ ഇവിടെ എത്തിയിട്ടുണ്ട് എന്നാണ് കരുതുന്നത്. പ്രദേശത്തു കണ്ടെത്തിയ വിസർജ്യവും കാലപാടുകൾക്കും ദിവസങ്ങളുടെ പഴക്കമുണ്ട്.
കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് കാട്ടു പോത്തിനെ കണ്ടത്.
ആദ്യം പശുവാണെന്ന് കരുതിയെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന സംശയം ഉയർന്നു.തുടർന്ന് നാട്ടുകാർ പഞ്ചായത്തധികൃതരേയും പോലീസിനെയും വിവരമറിയിച്ചു. കാൽപ്പാടുകളും വിസർജ്യവും കണ്ടാണ് കാട്ടുപോത്താണെന്ന് ഉറപ്പിച്ചത്. ഇതോടെ കാരമൂട് പള്ളിപ്പുറം സിആർപിഎഫ് റോഡ് വഴിയുള്ള ഗതാഗതം തിരിച്ച് വിട്ടു.ജനവാസ മേഖല ആയതിനാൽ ആവശ്യമെങ്കിൽ നിരോധനാജ്ഞ ഏർപ്പെടുത്തുമെന്നും ഡി എഫ് ഒ പറഞ്ഞു.
കാട്ടു പോത്തിനെ കാണാൻ നാട്ടുകാരും തടിച്ച് കുടിയിരുന്നു.