മംഗലപുരത്തടക്കം ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കു വെടി വച്ച് പിടികൂടി

Advertisement

തിരുവനന്തപുരം. മംഗലപുരത്തടക്കം ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കു വെടി വച്ച് പിടികൂടി. മണിക്കൂറുകളോളം വനം വകുപ്പിനെയും  നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ ശേഷമാണ് കാട്ടുപോത്തിനെ പിടികൂടിയത്. ആവശ്യമായ ചികിത്സകൾ നൽകിയ ശേഷം ഉൾ വനത്തിലേക്ക് തുറന്നു വിടാനാണ് വനം വകുപ്പിന്റെ ആലോചന.


കഴിഞ്ഞ ദിവസം രാത്രിയാണ് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും  പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല .ഐ ടി ജീവനക്കാരും വിദ്യാർത്ഥികളും ആശങ്കയറിയിച്ചതോടെ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി മയക്കു വെടി വച്ച് പിടികൂടാൻ തീരുമാനമെടുത്തു. ടെക്നോസിറ്റിയുടെ  പരിസരപ്രദേശത്തെ ഉൾക്കാട്ടിലേക്ക്  മറഞ്ഞ  കാട്ടുപോത്തിനെ ഇന്ന് രാവിലെ വീണ്ടും കണ്ടു.പാലോട് വനമേഖലയിൽ നിന്ന് വെറും 12 കി.മീ അകലെയുള്ള പിരപ്പൻ കോട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ്  കാട്ടുപോത്തിനെ കണ്ടത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപോത്തിനെ പിടികൂടാനായി 12 മണിയോടെ ആദ്യ മയക്കുവെടി വച്ചു. മയക്കു വെടി കൊണ്ട പോത്ത് വിരണ്ടോടി.



അഞ്ച് കിലോമീറ്ററോളം വിരണ്ടോടിയ പോത്തിനെ മരച്ചീനി തോട്ടത്തിലെത്തിയതിന് ശേഷമാണ് കീഴ്പ്പെടുത്താനായത്.അഞ്ച് മിനിറ്റിന് ശേഷം കാട്ടുപോത്ത് വീണ്ടും എഴുന്നേറ്റ് രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതോടെ വീണ്ടും മയക്കുവെടി. തുടർന്ന് മണിക്കൂറുകളോളം പണിപ്പെട്ടാണ് എഴുന്നൂറ് കിലോയോളം തൂക്കം വരുന്ന പോത്തിനെ ജെസിബിയുടെ സഹായത്തോടെ വനം വകുപ്പെത്തിച്ച ലോറിയിൽ കയറ്റാനായത്.


പിടികൂടിയ കാട്ടുപോത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സംഘത്തിലെ ഡോക്ടർമാർ അറിയിച്ചു.നിരീക്ഷണത്തിനുശേഷം ഏറ്റവും അടുത്ത ഉൾവനത്തിലേക്ക് തുറന്നു വിടാനാണ് തീരുമാനമെന്ന് തിരുവനന്തപുരം ഡി എഫ് ഒ അനിൽ ആന്റണി പറഞ്ഞു

അതേ സമയം  കോതമംഗലം _ കീരംപാറ പുന്നേക്കാട് ജനവാസ മേഖലയിൽഇന്ന് പുലർച്ചെയോടെ കാട്ടാനക്കൂട്ടമിറങ്ങി.അച്ചൻകോവിൽ വനത്തിൽ രണ്ട് പിടിയാനകളെ ചെരിഞ്ഞ നിലയിലും കണ്ടെത്തി.

Advertisement