തിരുവനന്തപുരം . കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും.വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും. ആന്റണി രാജു എം.എല്‍.എ ചടങ്ങിൽഅധ്യക്ഷനായിരിക്കും.ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, മന്ത്രി എം.ബി രാജേഷ് ബേഡി ബ്രദേഴ്‌സിന് സമ്മാനിക്കും.രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.ചടങ്ങിനുശേഷം കൈരളി തിയേറ്ററില്‍ റൗള്‍ പെക്ക് സംവിധാനം ചെയ്ത ‘ഏണസ്റ്റ് കോള്‍: ലോസ്റ്റ് ആന്റ് ഫൗണ്ട്’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷത്തെ കാന്‍ മേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയ ചിത്രമാണിത്. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളില്‍ ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 54 രാജ്യങ്ങളില്‍നിന്നുള്ള 335 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.ഇന്ന് രാവിലെ ഒൻപത് മുതൽ പ്രദർശമാരംഭിക്കും.