20 കോടി തട്ടിയെടുത്ത ധന്യ മോഹൻ കൊല്ലം പൊലീസിൽ കീഴടങ്ങി

Advertisement

കൊല്ലം. തൃശ്ശൂർ വലപ്പാട് ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കൊല്ലം സ്വദേശിനി ധന്യ മോഹൻ പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത് ജീവനക്കാരി മുങ്ങിയത് വാര്‍ത്തയും വ്യാപക അന്വേഷണവുമായതോടെയാണ് കീഴടങ്ങല്‍. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ ആയിരുന്നു കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ . സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച പോലീസ് ധന്യയുടെ തൃശ്ശൂരിലെ വീട്ടിൽ പരിശോധന നടത്തി. ബന്ധുക്കളിലേക്കും അന്വേഷണം നീണ്ടു.


അഞ്ചുവർഷമായി വിവിധ വ്യാജ അക്കൊണ്ടുകളിലേക്ക് വായ്പയായാണ് ധന്യ മോഹൻ പണം മാറ്റിയത്. 18 വർഷത്തോളം സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ധന്യ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു. ഡിജിറ്റൽ പേർസണൽ ലോൺ എന്നപേരിൽ കുടുംബങ്ങളുടെ അക്കൊണ്ടുകളിലേക്കായിരുന്നു ധന്യ പണം മാറ്റിയിരുന്നത്. സംഭവത്തിൽ വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓഡിറ്റിൽ തട്ടിപ്പ് കണ്ടെത്തിയതോടെ യുവതി ഒളിവിൽ പോവുകയായിരുന്നു. ബന്ധുക്കളുടെ അടക്കം അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ യുവതിക്കും ബന്ധുക്കൾക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പണം ഏതൊക്കെ തരത്തിൽ ചിലവഴിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയായിരുന്നുവെന്ന് കണ്ടെത്തിയതായാണ് സൂചന.

Advertisement