തട്ടിപ്പില്‍ കൂടുതല്‍ കൂട്ടാളികള്‍…? ധന്യ മോഹന്റെ അക്കൗണ്ടുകളിലുള്ള പണവും സ്വത്തുക്കളും മരവിപ്പിക്കാന്‍ പോലീസ്

Advertisement

തൃശൂരിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടി തട്ടിയെടുത്തെന്ന കേസിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ധന്യ മോഹന്റെ അക്കൗണ്ടുകളിലുള്ള പണവും സ്വത്തുക്കളും മരവിപ്പിക്കാന്‍ പോലീസ് നടപടി തുടങ്ങി. ധന്യ എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയതായും പോലീസ് സംശയിക്കുന്നു. തട്ടിപ്പില്‍ കൂടുതല്‍ കൂട്ടാളികള്‍ ഉണ്ടോ എന്നും അന്വേഷിക്കും. ധന്യയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
കൊല്ലം നെല്ലിമുക്ക് സ്വദേശിയായ ധന്യ വലപ്പാട്ടെ ഓഫിസിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജറായിരുന്നു. വ്യാജ ലോണുകൾ ഉണ്ടാക്കിയാണ് യുവതി സ്ഥാപനത്തിൽ നിന്നു കോടികൾ കൈക്കലാക്കിയത്. 19.94 കോടി തട്ടിയതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ധന്യയുടേയും മറ്റ് നാല് കുടുംബാംഗങ്ങളുടേയും അക്കൗണ്ടിലേക്ക് 5 കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് പണം ഒഴുകിയത്. ഈ പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും വാങ്ങിക്കൂട്ടിയെന്നു പൊലീസ് പറയുന്നു. വലപ്പാട് സിഐയുടെ നേതൃത്വത്തിൽ ഏഴം​ഗ പ്രത്യേക അന്വേഷണ സംഘമാണ് തട്ടിപ്പ് അന്വേഷിക്കുന്നത്.