ബെംഗ്ലൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ നിർണായക വിവരം പുറത്ത്. ഗംഗാവലി പുഴയുടെ അടിയിൽ ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചത്. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞാണ് ലോറിയുള്ളത്
ലോറിയിൽ മനുഷ്യസാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ അറിയിച്ചു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണ്. തെരച്ചിലിന് കുന്ദാപുരത്തെ മത്സ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ലാ ഭരണകൂടം എത്തിച്ചു. ഏഴംഗ സംഘമാണ് ഷിരൂരിലെത്തിയത്
നിലവിൽ ഡൈവർമാർക്ക് പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മത്സ്യത്തൊഴിലാളികളെ ഇറക്കണമോയെന്ന കാര്യം നാവികസേനയുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു.