തിയേറ്ററില്‍ നിന്ന് മൊബൈലില്‍ സിനിമ പകര്‍ത്തി; തമിഴ്നാട് സ്വദേശികള്‍ തിരുവനന്തപുരത്ത് പിടിയില്‍

Advertisement

തിയേറ്ററില്‍ നിന്ന് മൊബൈലില്‍ സിനിമ പകര്‍ത്തുന്നതിനിടെ തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററില്‍ നിന്നാണ് ഉടമയുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിന്റെ ഒപ്പറേഷന്റെ ഭാഗമായാണ് തട്ടിപ്പ് സംഘം പിടിയിലാകുന്നത്.
ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതില്‍ നിര്‍മ്മാതക്കളില്‍ ഒരാളായ സുപ്രിയ മേനോന്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ ഇവര്‍ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചുവെന്ന് സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള തിയേറ്ററില്‍ നിന്നാണ് സംഘം സിനിമ പകര്‍ത്തുന്നതെന്നും വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുമായി ചേര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടാന്‍ നീക്കം നടത്തി. മൊബൈലില്‍ സിനിമ പകര്‍ത്തുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഗുരുവായൂര്‍ അമ്പലനടയില്‍ ഉള്‍പ്പെടെ പ്രമുഖ സിനിമകളുടെ വ്യാജ പതിപ്പുകള്‍ സംഘം പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.