എസ്എന്‍ഡിപി യോഗത്തില്‍ ഇടപെടാന്‍ സിപിഎം, കമ്പനിയുടെ കളി യോഗം കാണാനിരിക്കുന്നതേയുള്ളൂ

Advertisement

തിരുവനന്തപുരം.അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ എസ്.എന്‍.ഡി.പി യോഗത്തില്‍ ഇടപെടാന്‍ സി.പി.ഐ.എം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി എസ്.എന്‍.ഡി.പി ശാഖാംഗങ്ങളുടെ യോഗം വിളിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചു.

വെള്ളാപ്പള്ളി നടേശന്‍ സി.പി.ഐ.എമ്മിനെതിരെ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പാര്‍ട്ടി ഇടപെടല്‍. യോഗം നേതൃത്വത്തെ ആര്‍.എസ്.എസ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം..ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സി.പി.ഐ.എം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. എന്നാല്‍ യോഗ നേതൃത്വം കാവിവല്‍ക്കരിച്ചുവെന്നാണ് സി.പി.ഐ.എം ആരോപണം. ആര്‍.എസ്.എസുമായുള്ള ബന്ധമാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിന് പിന്നിലെന്നും സി.പി.ഐ.എം നേതൃത്വം വിലയിതുത്തുന്നു. ഈ സാഹചര്യത്തിലാണ് എസ്.എന്‍.ഡി.പി യോഗത്തില്‍ ഇടപെടാന്‍ സി.പി.ഐ.എം തീരുമാനിച്ചത്.

എസ്.എന്‍.ഡി.പി ശാഖാംഗങ്ങളുടെ യോഗം വിളിക്കാനാണ് തീരുമാനം. യൂണിയന്‍ അടിസ്ഥാനത്തിലായിരിക്കും യോഗം. ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കള്‍ യോഗത്തിന് മുന്‍കൈ എടുക്കും. യോഗം നേതൃത്വത്തിനെതിരെ അസംതൃപ്തിയുള്ള ഉളളവരെ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുപ്പിക്കും. എസ്എന്‍.ഡി.പി യോഗ നേതൃത്വത്തില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യാനും ധാരണയായി. പാര്‍ട്ടിയെ കഴിഞ്ഞ കാലങ്ങളില്‍ സഹായിച്ച അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടെന്ന് സി.പി.ഐ.എം നേതൃത്വം വിലയിരുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യോഗത്തില്‍ ഇടപെടുന്നത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്