വയനാട്ടിലെ ഇക്കോ ടൂറിസം സെന്‍ററുകള്‍ അടച്ചിട്ട് അഞ്ച് മാസം, ആശ്രയിച്ചു ജീവിച്ചവര്‍ വഴിയാധാരം

Advertisement

വയനാട്.വയനാട്ടിലെ ഇക്കോ ടൂറിസം സെന്‍ററുകള്‍ അടച്ചിട്ട് അഞ്ച് മാസമായിട്ടും തുറക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ജില്ലയുടെ ടൂറിസം മേഖലയെ ഈ അടച്ചിടല്‍ സാരമായി ബാധിക്കുകയാണ്. കാട്ടാന ആക്രമണത്തില്‍ കുറുവ വനസംരക്ഷണ സമിതി ജീവനക്കാരനായിരുന്ന പാക്കത്തെ പോള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇക്കോ ടൂറിസം സെന്‍ററുകള്‍ അടച്ചിട്ടത്

ജില്ലയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തിയിരുന്ന കുറുവ ദ്വീപ്, മീന്‍മുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടങ്ങള്‍, ചെമ്പ്ര പീക്ക് എന്നിവ അടഞ്ഞുകിടക്കാന്‍ തുടങ്ങി മാസങ്ങളായി. വനംവകുപ്പിന് കീഴിലുള്ള ഏഴോളം ഇക്കോ ടൂറിസം സെന്‍ററുകളാണ് അടച്ചിട്ടിരിക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ മൃഗസംരക്ഷണം കാര്യക്ഷമമാക്കണമെന്ന ചില പ്രകൃതി സംരക്ഷണസമിതി നല്‍കിയ കേസിനെ തുടര്‍ന്നാണ് ഇക്കോ ടൂറിസം സെന്ററുകളടയ്ക്കാന്‍ ഹൈക്കോടതി വിധിയുണ്ടായത്. ഇത് മറികടക്കാനുള്ള ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് ആരോപണം

ഇക്കോ ടൂറിസം സെന്‍ററുകളെ ആശ്രയിച്ച് കഴിയുന്ന നിരവധി ജീവനക്കാരുണ്ട്. വിനോദ സഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. വനസംരക്ഷണസമിതിയുടെ ഭാഗമായ ഗോത്രവിഭാഗക്കാരുണ്ട്. ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്

ഈ വിഷയം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. വയനാടിന്‍റെ ടൂറിസം മേഖലയെ സാരമായി ഈ അടച്ചിടല്‍ നീണ്ടുപോകുന്നത് ബാധിക്കുകയാണ്

Advertisement