തിരുവനന്തപുരം. സംസ്ഥാന കോൺഗ്രസിലുള്ള പ്രശ്നങ്ങളിലെ അന്വേഷണം അച്ചടക്കസമിതി ഇന്ന് ആരംഭിക്കും. കെ.പി.സി.സി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണം നടത്തുന്നത്. കേരളത്തിലെ കോൺഗ്രസിനുള്ളിലെ വാർത്തകൾ ചോർത്തി നൽകുന്നതാരെന്നാണ് പ്രധാനമായി അന്വേഷിക്കുക. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം. കോൺഗ്രസിനുള്ളിൽ നില നിൽക്കുന്ന മറ്റു പ്രശ്നങ്ങളിലും റിപ്പോർട്ട് നൽകും. അച്ചടക്ക ലംഘനം കണ്ടെത്തിയാൽ നടപടി എടുക്കും എന്നാണ് ഹൈക്കമാൻഡിൻ്റെ മുന്നറിയിപ്പ്. കേരളത്തിൻറെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് സംസ്ഥാനത്തെ പ്രശ്നങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. പാർട്ടിക്കുള്ളിൽ അനാവശ്യ പ്രവണതകൾ നിലനിൽക്കുന്നു എന്നാണ് ഹൈക്കമാൻഡിൻ്റെ നിരീക്ഷണം. അന്വേഷണത്തിലൂടെ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ കഴിയും എന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ അച്ചടക്കത്തോടെ മുന്നോട്ടുപോകാൻ അന്വേഷണം കൊണ്ട് കഴിയും എന്നും നേതൃത്വം കണക്കുകൂട്ടുന്നു.