തിരുവനന്തപുരം. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇടതിന്. 12 സീറ്റുകളില്‍ 9 സീറ്റ് സി.പി.ഐ.എം നേടി. ചരിത്രത്തിലാദ്യമായി രണ്ടു സീറ്റ് ബി.ജെ.പിക്ക് ലഭിച്ചു. നാടകീയ സംഭവങ്ങള്‍ക്കിടെ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.
സിന്‍ഡിക്കേറ്റിലേക്കുള്ള 12 സീറ്റുകളില്‍ മൂന്നു സീറ്റുകളില്‍ ഇടതു പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെരുന്നു. ബാക്കിയുള്ള ഒന്‍പത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ആറു സീറ്റുകളില്‍ ഇടതു പ്രതിനിധികള്‍ വിജയിച്ചു. വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളായി ഡോ.പ്രകാശ് കെ.സി, ഡോ.റഹിം കെ, ഡോ.പ്രമോദ് എന്‍.എം, ഡോ.ടി.ആര്‍.മനോജ്, രാജീവ് കുമാര്‍, അജയ് ഡി.എന്‍ എന്നിവരാണ് വിജയിച്ചത്. ഇതിനു പുറമെ ഡോ.നസീബ്, ഡോ.ലെനില്‍ലാല്‍, പ്രൊഫ.മനോജ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബി.ജെ.പി പ്രതിനിധികളായി പി.എസ്.ഗോപകുമാറും ഡോ.വിനോദ്കുമാര്‍ റ്റി.ജി നായരും വിജയിച്ചു. ആദ്യമായാണ് സിന്‍ഡിക്കേറ്റില്‍ ബി.ജെ.പി വിജയിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും അഹമ്മദ് ഫൈസലാണ് വിജയിച്ചത്. രാവിലെ വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും വോട്ടെണ്ണാന്‍ പറ്റില്ലെന്ന് വൈസ് ചാന്‍സലര്‍ തീരുമാനിച്ചത് തര്‍ക്കത്തിനിടയാക്കി. കോടതിയില്‍ നിന്നും വിധി വന്നശേഷമെ വോട്ടെണ്ണല്‍ തുടങ്ങാന്‍ കഴിയൂ എന്നായിരുന്നു വി.സിയുടെ നിലപാട്. തുടര്‍ന്ന് ഹൈക്കോടതി വിധി ലംഘിക്കുന്നുവെന്ന് ആരോപിച്ച് സെനറ്റ് അംഗങ്ങള്‍ വി.സിയെ ഉപരോധിച്ചു. ഇതിനിടെ എസ്.എഫ..ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് എത്തിയത് പോലീസ് തടഞ്ഞു. തുടര്‍ന്ന് ഉന്തുംതള്ളുമായി.
സര്‍വകലാശാല പ്രധാന കവാടത്തിന് മുന്നില്‍ എസ്.എഫ.ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. 97 അംഗ സെനറ്റില്‍ 96 പേര്‍ വോട്ട് രേഖപ്പെടുത്തി. ഹൈക്കോടതിയെ സമീപിച്ച 15 പേരുടെ വോട്ടുകള്‍ എണ്ണേണ്ടെന്നും സീല്‍ ചെയ്തു സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.