മരണ സംഖ്യ ഇനിയും ഉയരും,നാശം വ്യാപകം സഹായത്തിന് കൈനീട്ടി നാട്

Advertisement

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഇനിയും ഉയരും എന്ന് വ്യക്തമാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മരണപ്പെട്ടതായാണ് വിവരം. 20 പേരെ കാണാനില്ലെന്ന് വാര്‍ഡ് മെംബര്‍ നൂറുദ്ദീന്‍ അറിയിച്ചു. ഉരുള്‍പൊട്ടിയപ്പോള്‍ പലരും ഉറക്കത്തിലായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ മേഖലയിലേക്ക് പുറപ്പെട്ടു.

ഉരുള്‍ പൊട്ടലും മലവെള്ളപാച്ചിലും 400 ലധികം കുടുംബങ്ങളെയാണ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടയിലായി. സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ദുരന്തമാണ് വയനാട് ഉണ്ടായത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു എന്നിവര്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നാല് മണിയോടെ രണ്ടാമത്തെ ഉരുള്‍പ്പൊട്ടലും ഉണ്ടായി. നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങളും ഒഴുകി പോയിട്ടുണ്ട്. ചൂരല്‍ മലയിലെ പാലം തകര്‍ന്നത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. മൂണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലെ പ്രധാന പാലമാണ് തകര്‍ന്നത്. അപകടത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായി വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററിന്റെ സഹായം തേടിയിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് കോഴിക്കോടുനിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

വിലങ്ങാട് മലയങ്ങാട് ഭാഗത്തു ഉരുൾപൊട്ടിയത്തിൽ മലയങ്ങാട് പാലം ഒലിച്ചു പോയിട്ടുണ്ട്. നാലു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് പാലം പോയതോടുകൂടി 12 കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടാണ് ഉള്ളത് പുഴയുടെ സൈഡിലുള്ള വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.ആളപായമില്ല.
മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement