വയനാട്. രാവിലെ എഴരയോടെയാണ് ആ കാഴ്ച കണ്ടത് ഒലിച്ചുവന്ന പാറയ്ക്കും ചെളിക്കുമിടയില്‍ പുതഞ്ഞ് കൈയുയര്‍ത്തി കരഞ്ഞ് സഹായത്തിന് അഭ്യര്‍ഥിക്കുന്ന ഒരു മനുഷ്യന്‍. അവിടേക്ക് എത്താനാവാതെ ഒഴുക്കിനുമുന്നില്‍ പതറി നില്‍ക്കയാണ് ജനക്കൂട്ടവും അധികൃതരും. കരയില്‍ നിന്നും നൂറിലേറെ മീറ്റര്‍ അകലെയാണ് ആ ജീവന്‍. മുണ്ടക്കൈ ഭാഗത്ത് പ്രാണന്‍ നഷ്ടപ്പെട്ടവരും അര്‍ധപ്രാണനായവരും ഏറെ. ഞെട്ടിക്കുന്ന രംഗങ്ങളാണ് ഇവിടെ എമ്പാടും.പത്തുമണിക്കൂറായിട്ടും വേണ്ടത്ര സന്നാഹങ്ങള്‍ എത്തിയിട്ടില്ല. ചളിയില്‍പുതഞ്ഞ് അര്‍ധപ്രാണനായ ആളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു.കണ്ടെത്തി മൂന്നര മണിക്കൂറുകളായിട്ടും ഒഴുക്കുമൂലം അവിടേക്ക് എത്താനായില്ല എന്ന് സ്ഥലവാസികള്‍ പറയുന്നു. മണ്ണിനടിയില്‍ പുതഞ്ഞുപോയ അനേക ജീവനുകളെപ്പറ്റി ആശങ്കയാണ് എല്ലായിടവും. ഉറ്റവരെ തേടി നിലവിളിക്കുന്നവരാണ് നാലുചുറ്റും. താല്‍ക്കാലിക പാലം നിര്‍മ്മിച്ചാലേ കൃത്യമായ രക്ഷാപ്രവര്‍ത്തനം നടക്കു എന്ന് പറയുന്നു.
ഒരു പാട് റിസോര്‍ട്ടുകളും തൊഴിലാളി ലയങ്ങളും ഉള്ളതിനാല്‍ തദ്ദേശീയരല്ലാത്തവരും ഇവിടെ ഉണ്ടാകാമെന്ന ആശങ്കയാണുള്ളത്.