നിലമ്പൂര്‍. ഉരുള്‍പൊട്ടലിന്‍റെ ദുരന്തസാക്ഷ്യമായി ചാലിയാര്‍പ്പുഴ. ഉരുള്‍പൊട്ടലുണ്ടായ മേല്‍പ്പാടിയില്‍ നിന്നും ചാലിയാര്‍ പുഴയിലൂടെ കിലോമീറ്റര്‍ ഒഴുകിയെത്തിയത് നിരവധി മൃതദേഹങ്ങള്‍. മലപ്പുറത്ത് ചാലിയാറിന്റെ ഭാഗങ്ങളില്‍ ഇതുവരെ കണ്ടെത്തിയത് 25 മൃതദേഹങ്ങളാണ്. പലതും ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ്. മൂന്ന് വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയുടേതുള്‍പ്പടെയുള്ള മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെത്തിയത്.ഇരുട്ടുകുത്തി, വാണിയം പുഴ ഭാഗത്ത് ചാലിയാർ പുഴക്ക് അക്കരെ 9 മൃതദ്ദേഹങ്ങൾ കൂടി കണ്ടെത്തി
ചാലിയാറിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 25 മൃതദേഹങ്ങള്‍
പോത്തുകല്‍ പഞ്ചായത്തിലാണ് മതതദേഹങ്ങളേറെയും അടിഞ്ഞത്. ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചുങ്കത്തറ കുന്നത്തു പൊട്ടി കടവിലും ഒരു മൃതദേഹം കിട്ടി. 15 വയസ് പ്രായം തോന്നുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് ചാലിയാര്‍ പുഴ കഴിഞ്ഞ രണ്ട് ദിവസമായി നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇതിനിടെയിലാണ് ഇന്ന് പുലര്‍ച്ചെ വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടാകുന്നത്. രാവിലെ മുതല്‍ പുഴയില്‍ വീടിന്റെ അവശിഷ്ടങ്ങളും ഗ്യാസ് സിലിണ്ടറും പാത്രങ്ങളുമെല്ലാം ഒഴുകിയെത്തിയതായി നാട്ടുകാര്‍ പറഞ്ഞു.
ഇതിന് പിന്നാലെയാണ് മൃതദേഹങ്ങളും ചാലിയാര്‍ തീരത്ത് അടിഞ്ഞത്. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലായി മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എട്ട് മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പുഴയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് പുറമെ മുണ്ടേരി വനത്തിലും ചാലിയാര്‍ പുഴയില്‍ മൃതദേഹങ്ങളുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.