വയനാട്ടിലെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെ ഏതാനും രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും പുഴയോരത്തുനിന്ന് മാറ്റി. അനാവശ്യമായി ആളുകള്‍ ദുരന്തസ്ഥലത്തേയ്ക്ക് എത്തരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 70-ലേറെ പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെപേരെ കാണാതായി. മരണസംഖ്യ ഉയര്‍ന്നേക്കും. 43 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളില്‍. പതിനെട്ടുപേരെ തിരിച്ചറിഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ രണ്ട് കുട്ടികളുടേത് ഉള്‍പ്പെടെ 8 മൃതദേഹങ്ങള്‍. നിലമ്പൂര്‍ പോത്തുകല്ലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങളാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ചൂരല്‍മലയിലെത്തി. മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലും 250 പേര്‍ കുടുങ്ങിക്കിടപ്പുണ്ട്.
ഇന്ന് പുലര്‍ച്ച മുണ്ടക്കൈയിലും അട്ടമലയിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ചത്. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലില്‍ മുണ്ടക്കൈ ടൗണ്‍ ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.