ഉരുൾപൊട്ടലിൽ ഇതുവരെ സ്ഥിരീകരിച്ചത് 93 മരണങ്ങളെന്ന് മുഖ്യമന്ത്രി; 34 പേരെ തിരിച്ചറിഞ്ഞു

Advertisement

തിരുവനന്തപുരം: ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര മഴയാണ് ഉണ്ടായിരിക്കുന്നത്. ഉരുൾപൊട്ടലിൽ ഒരു പ്രദേശമാകെ ഇല്ലാതാകുകായണുണ്ടായത്. 93 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു

പരുക്കേറ്റ് വിവിധ ആശുപത്രികളായി 128 പേർ ചികിത്സയിലുണ്ട്. ഒട്ടേറെ പേർ ഒഴുകിപ്പോയിട്ടുണ്ട്. മലപ്പുറം പോത്തുകൽ ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിന് പുറമെ ശരീര ഭാഗങ്ങളും ചാലിയാറിൽ നിന്ന് കണ്ടെത്തി. 34 മൃതദേഹങ്ങളാണ് ഇതിനോടകം തിരിച്ചറിഞ്ഞത്. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇന്ന് വൈകുന്നേരം ലഫ്. കേണലിന്റെ നേതൃത്വത്തിലുള്ള സേനാ സംഘം പുഴ മുറിച്ച് കടന്ന് മുണ്ടക്കൈയിൽ എത്തിയിട്ടുണ്ട്. അവിടെ കുടുങ്ങിക്കിടക്കുന്ന പരുക്കേറ്റ മുഴുവനാളുകളെയും രക്ഷപ്പെടുത്തി പുറത്തേക്ക് എത്തിച്ചിട്ടുണ്ട്. നമ്മുടെ നാട് ഇതുവരെ കണ്ടതിൽ അതീവ ദാരുണമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ഇപ്പോൾ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

രക്ഷാപ്രവർത്തനം ആകാവുന്ന എല്ലാ രീതിയിലും തുടരുകയാണ്. ആദ്യ ഉരുൾപൊട്ടൽ പുലർച്ചെ രണ്ട് മണിയോടെയാണ് നടന്നത്. തുടർന്ന് 4.10ന് രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. പല സ്ഥലങ്ങളും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു. ചൂരൽമല-മുണ്ടക്കൈ റോഡ് പൂർണമായും ഒലിച്ചുപോയി. ഇരുവഴഞ്ഞിപ്പുഴ രണ്ടായി ഒഴുകുന്ന നിലയിലായി. വീടുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. മണ്ണിനടിയിൽപ്പെട്ടവർ, ഒഴുക്കിൽപ്പെട്ടവർ ഇപ്പോഴുമുണ്ടാകാം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തവിവരം അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയവർ നേരിട്ട് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവും അടക്കമുള്ളവർ വിളിച്ച് ഒന്നിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Advertisement