പ്രദേശത്തെ സ്‌കൂളിലെ 22 കുട്ടികളെ കുറിച്ച് യാതൊരു വിവരുമില്ലെന്ന് പ്രിന്‍സിപ്പല്‍

Advertisement

മേപ്പാടി: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ പ്രദേശത്തെ സ്‌കൂളിലെ 22 കുട്ടികളെ കുറിച്ച് യാതൊരു വിവരുമില്ലെന്ന് പ്രിന്‍സിപ്പല്‍ ഭവ്യ. വള്ളര്‍മല വിഎച്ച്എസ്സിയിലെ പ്രിന്‍സിപ്പാളാണ് ഭവ്യ. സ്‌കൂളില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 582 കുട്ടികളാണ് ഉള്ളത്. അതില്‍ 22 കുട്ടികളെയാണ് ഇപ്പോള്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ഭവ്യ ടീച്ചര്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഭവ്യയുടെ പ്രതികരണം

വളരെ ദയനീയമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് കാര്യങ്ങള്‍ അറിഞ്ഞത്. മൂന്നര മുതല്‍ എല്ലാവരെയും വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതില്‍ 22 കുട്ടികളെയാണ് വിളിച്ചിട്ട് കിട്ടാത്തത്. ബാക്കിയെല്ലാവരും സുരക്ഷിതമാണെന്ന് അധ്യാപിക പറയുന്നു.

ഇവിടെയൊന്നും വൈദ്യുതിയില്ല. ഒരുപക്ഷേ ഫോണ്‍ ഓഫായി പോയതായിരിക്കും. പല ആളുകളും പല സ്ഥലത്തേക്കും ഓടിരക്ഷപ്പെട്ടതായിരിക്കും. അതിനിടയില്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ടെല്ലാം വിളിച്ചിട്ട് കിട്ടാതിരിക്കാമെന്ന് ഭവ്യ ടീച്ചര്‍ പറയുന്നു. കുട്ടികളെ ക്ലാസ് ടീച്ചേഴ്സ് നിരന്തരം വിളിച്ച് കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

വെള്ളര്‍മല സ്‌കൂളില്‍ പതിനഞ്ച് വര്‍ഷമായി അധ്യാപികയാണ് ഭവ്യ ടീച്ചര്‍. ഈ 22 കുട്ടികളും ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണെന്നും ടീച്ചര്‍ വ്യക്തമാക്കി. ഇന്നലെ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പുണ്ടായിരുന്നു. 13 പേരാണ് അവിടെ ഉണ്ടായിരുന്നത്. അവരെ പിന്നീട് മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. അതേസമയം അവിടെ താമസിച്ച് പഠിപ്പിക്കുന്ന അധ്യാപകരെല്ലാം സുരക്ഷിതരാണെന്നും അധ്യാപിക പറഞ്ഞു.

എത്ര പേര്‍ സുരക്ഷിതരാണെന്ന് ഇപ്പോഴും അറിയില്ല. പത്ത് വര്‍ഷം ഞാന്‍ താമസിച്ചിരുന്ന ഒരു വീട് ഇപ്പോള്‍ അവിടെയില്ല. അയല്‍വാസികളും പരിചയക്കാരുമെല്ലാം ഉണ്ടായിരുന്നു. അവരെല്ലാം മരിച്ചുവെന്ന വിവരമാണ് ലഭിക്കുന്നത്. ഇന്നലെ സ്‌കൂളിന് പ്രാദേശിക അവധി നല്‍കിയിരുന്നു. അതുകൊണ്ട് പല അധ്യാപകരും എത്തിയിട്ടില്ലായിരുന്നു.

Advertisement