കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ നിസഹായാവസ്ഥയില്‍. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി എത്തിയ വിവിധ സംഘടനാ-രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സേവകരും മുണ്ടക്കൈ മേഖലയിലേക്ക് കടക്കാന്‍ സാധിക്കാതെ നില്‍ക്കുന്നു. സൈന്യമെത്തി താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ തുടങ്ങിയതോടെ നേരിയ ആശ്വാസമായിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പാലം വെള്ളപ്പാച്ചിലില്‍ തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്. രാത്രിയായതോടെ മുണ്ടക്കൈ വീണ്ടും ഒറ്റപ്പെട്ടു. ഇവിടെ വൈദ്യുതിബന്ധം തകര്‍ന്ന നിലയിലാണ്.
രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നിരവധി യുവാക്കളാണ് ദുരന്തമേഖലയില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ വിദഗ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ ആവശ്യമാണ്. മാത്രമല്ല, തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പറയുന്നു. അവരുടെ നിലവിളി കേട്ടുവെന്നും ഇവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി
മുണ്ടക്കൈ മേഖലയിലേക്ക് കടക്കണമെങ്കില്‍ താല്‍ക്കാലിക പാലം ആവശ്യമാണ്. അല്ലെങ്കില്‍ ഹെലികോപ്റ്ററില്‍ എയര്‍ലിഫിറ്റിങ് വേണം. പുഴയുടെ അപ്പുറത്ത് നിരവധി പേര്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നില്‍ക്കുന്ന വീഡിയോകളും പുറത്തുവന്നു. സൈന്യം നിര്‍മിക്കുന്ന താല്‍ക്കാലിക പാലമാണ് ഇനി പ്രതീക്ഷ. ഇതുവഴി മുണ്ടക്കൈയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇരുട്ടുംമുമ്പ് സാധിച്ചില്ലെങ്കില്‍ മരണസംഖ്യ കൂടിയേക്കും. മാത്രമല്ല, കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ പൊട്ടിക്കാന്‍ ശേഷിയുള്ള മെഷീനുകളും വേണം. സ്ലാബുകള്‍ക്കടിയില്‍ നിന്ന് നിലവിളി കേട്ടുവെന്നും അവരെ രക്ഷിക്കണമെങ്കില്‍ സ്ലാബുകള്‍ മുറിച്ച് മാറ്റേണ്ടതുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.