വയനാട് : മുണ്ടക്കൈ, ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം ബെയിലി പാലം നിർമിക്കും. ഇതിനുള്ള സാമഗ്രികൾ ബംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെ ഒലിച്ചുപോയി.
ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ആകാശദൃശ്യങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തകർന്നുകിടക്കുന്ന വീടുകൾക്കുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 98 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ഇരുന്നൂറോളം പേരെ കണ്ടെത്താനുണ്ടൈന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം
മരണസംഖ്യയും ഉയരുകയാണ്. 159 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിന് ശേഷവും 7 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവ വീടുകൾക്കുള്ളിൽ ( കുടുങ്ങിക്കിടക്കുകയാണ്. മുണ്ടക്കൈയിൽ ഒരു വീട്ടിൽ സോഫയിൽ ഇരിക്കുന്ന നിലയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു.
വീട് തകർന്നു കിടക്കുന്ന നിലയിലായതിനാൽ ഈ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. വലിയ കട്ടിംഗ് മെഷീനുകളടക്കം ഇവിടേക്ക് എത്തിച്ചാൽ മാത്രമേ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കാൻ സാധിക്കൂ എന്നാണ് ഇവർ പറയുന്നത്
സമീപത്തുള്ള വീടുകളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായും സന്നദ്ധ പ്രവർത്തകർ പറയുന്നു. ഈ വീടുകളിലെല്ലാം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പല വീടുകളിലും ശരീര ഭാഗങ്ങൾ ചിതറി കിടക്കുന്ന നിലയിൽ കണ്ടതായും വിവരമുണ്ട്.