റിയാദ്: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് 17 വാഹനങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സഊദിയില്‍ നാലു പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില അതീവഗുരുതരമാണ്.
പരിക്കേറ്റവരെ റെഡ് ക്രസന്റ് സംഘം അല്‍ റയ്ന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. ഏഴ് പേരാണ് നിലവില്‍ ഇവിടെ ചികിത്സയിലുള്ളതെന്നാണ് അറിയുന്നത്. മറ്റ് നാല് പേരെ സമീപത്തെ മെഡിക്കല്‍ ക്ലിനിക്കുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
റിയാദ് മേഖലയിലെ അല്‍ റയ്ന്‍ ഗവര്‍ണറേറ്റിനെയും തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ ബിഷയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് കാറുകളും ട്രക്കുകളും ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊടിക്കാറ്റില്‍പ്പെട്ട് പരസ്പര കാണാനാവാത്ത സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് കൂട്ടിയിടിച്ചതെന്ന് പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഊദി പൊലിസനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.