ആരാണ് ഉത്തരവാദി,മുണ്ടക്കൈ ദുരന്തത്തില്‍ മുന്നറിയിപ്പുകളെ ചൊല്ലി തര്‍ക്കം മുറുകുന്നു

Advertisement

തിരുവനന്തപുരം. മുണ്ടക്കൈ ദുരന്തത്തില്‍ മുന്നറിയിപ്പുകളെ ചൊല്ലി തര്‍ക്കം മുറുകുന്നു. കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഇത്ര കടുത്ത ആഘാതം ഉണ്ടാകാനുള്ള സാധ്യത അറിയിച്ചില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. മുന്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടും പ്രാദേശിക മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം പശ്ചിമഘട്ടത്തിലെ അപകടം സംബന്ധിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവഗണിച്ചത് അടക്കമുള്ള ഗൗരവതരമായ ആരോപണങ്ങള്‍ പരിസ്ഥിതിപ്രവര്‍ത്തകരില്‍നിന്നും ദേശീയ മാധ്യമങ്ങളില്‍ നിന്നും ഉയരുകയാണ്. അപകടമേഖലയില്‍പ്പോലും പുതിയ ക്വാറികള്‍ക്ക് അനുമതി കൊടുത്തത് അടക്കം ചര്‍ച്ചയിലെത്തുന്നുണ്ട്.


മുന്നറിയിപ്പുകളെ കേരളം അവഗണിച്ചെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് കാലാവസ്ഥാ മുന്നറിയിപ്പുമാത്രമാണ് ലഭിച്ചതെന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചിരുന്നു.
മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പഴിചാരലുകള്‍ക്കിടയിലാണ് മുന്നറിയിപ്പുകളെ
ചൊല്ലിയുള്ള ചര്‍ച്ചകളും സജീവമാകുന്നത്. ഓരോ മഴ മുന്നറിയിപ്പുകളും അനുസരിച്ച് ഓറഞ്ച് ബുക്ക് പ്രകാരമുള്ള
നടപടി. ഓറഞ്ച് അലര്‍ട്ട് എന്നാല്‍ അതീവ ജാഗ്രത എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ
ഓറഞ്ച് ബുക്കില്‍ പറയുന്നത്. എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളും തുടങ്ങണം. ആളുകളെ മാറ്റിത്താമസിപ്പിക്കണം. രക്ഷാ സൈന്യങ്ങളോട് തയാറാകാന്‍ ആവശ്യപ്പെടണം. ക്യാമ്പുകള്‍ സജ്ജമാക്കണം.

2018ലെ പ്രളയത്തിന് ശേഷമാണ് ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടിക്രമങ്ങള്‍ സംസ്ഥാനം പിന്തുടരുന്നത്. 29ന് ഉച്ചയ്ക്കാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. അന്നത്തെ ഐഎംഡി ബുള്ളറ്റിനില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും പറയുന്നുണ്ട്. ദുരന്തം ഉണ്ടായ പ്രദേശത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് മഴ മാപിനി ഇല്ല. എന്നാല്‍ തൊട്ടടുത്ത മഴ മാപിനികളില്‍ തുടര്‍ച്ചയായി ശക്തമായ മഴ രേഖപ്പെടുത്തിയത് കണക്കിലെടുത്താണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത് എന്നാണ് ഐഎംഡി വിശദീകരിക്കുന്നത്. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ പര്യാപ്തമല്ല എന്ന വാദമാണ് സര്‍ക്കാരിന്റേത്. ഇത്ര കടുത്ത മഴയ്ക്കും, ആഘാതത്തിനുമുള്ള സാധ്യത മുന്നറിയിപ്പുകളില്‍ ഉണ്ടായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. കല്‍പ്പറ്റ കേന്ദ്രീകരിച്ചുള്ള ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി എന്ന സ്ഥാപനത്തിന്റെ പുത്തുമലയിലെ മഴ മാപിനിയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയത് 200 മി.മീ മഴയാണ്. രാത്രി 130 മി.മീ മഴയും. ദുരന്ത സാധ്യത തിങ്കളാഴ്ച തന്നെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു എന്നാണ് സ്ഥാപനം വ്യക്തമാക്കുന്നത്. പുതുമലയിലും മുണ്ടക്കൈയിലും കനത്ത മഴയും മണ്ണിടിച്ചിലും എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

പ്രാദേശികമായ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. പ്രളയത്തിന് ശേഷം സ്‌കൈമെറ്റ് പോലെയുള്ള സ്വകാര്യ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങളും കേരളം ശേഖരിക്കുന്നുണ്ട്. അവയിലും ഇത്ര വലിയ ദുരന്ത സാധ്യത സൂചിപ്പിച്ചിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. അന്നേ ദിവസം രാത്രിയില്‍ കൊച്ചി കുസാറ്റില്‍ നിന്നുള്ള റഡാര്‍ ഇമേജില്‍ വടക്കന്‍ കേരളത്തില്‍ കനത്ത മഴ സാധ്യത സൂചിപ്പിച്ചിരുന്നു. കാറ്റിനും ന്യൂനമര്‍ദ്ദ പാത്തിക്കും ഒപ്പം
അസാധാരമായ മേഘരൂപീകരണം കൂടിയാണ് ദുരന്തം ഉണ്ടാക്കിയത് എന്നാണ് പല കാലാവസ്ഥ വിദഗ്ദ്ധറും ചൂണ്ടിക്കാട്ടുന്നത്.

Advertisement