“ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ”ആരും ചിന്തിക്കാത്ത വാഗ്ദാനവുമായി സജിനും ഭാര്യ ഭാവനയും

Advertisement

വയനാട്.”ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്” ഇങ്ങനെ ഒന്ന് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റാണ് ഇത്. ഇങ്ങനെ കമൻറ് ഇടുക മാത്രമല്ല ഇതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലേക്ക് തിരിക്കുകയും ചെയ്തു..


സമാനതകൾ ഇല്ലാത്ത ദുരന്തമുഖത്ത് ഉറ്റവരെ ചേർത്തുപിടിക്കാൻ മലയാളികൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട. ആ കാഴ്ച നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. എന്നാൽ ആ ചേർത്ത് നിർത്തലിനൊപ്പം ആരും ചിന്തിക്കാത്ത ഒരു കാര്യമാണ് സജിനും ഭാര്യ ഭാവനയും വാഗ്ദാനം ചെയ്തത്. വയനാട് ദുരന്തത്തിൽ അമ്മയെ നഷ്ടപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങൾ ഉണ്ടെന്നറിഞ്ഞതോടെ അവർക്ക് മുലപ്പാൽ നൽകാൻ തയ്യാറെന്ന് പറയാൻ ഭാവനയെ പ്രേരിപ്പിച്ചു. അത് സമൂഹമാധ്യമ പോസ്റ്റിന് കമൻ്റായും ഇട്ടു.

ഇവരുടെ കമന്റ് ശ്രദ്ധയിൽപ്പെട്ട ഉടനെ വയനാട്ടിൽ നിന്ന് വിളി വന്നു.. നാലു വയസ്സും നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുമായി ഉടൻതന്നെ വയനാട്ടിലേക്ക് പുറപ്പെട്ടു. ഉപജീവന മാർഗ്ഗമായ പിക്കപ്പ് ജീപ്പിലാണ് യാത്ര. കഴിയുന്നത്രയും ദിവസം അവിടെ താമസിച്ച് കുഞ്ഞുങ്ങളെ സഹായിക്കാനാണ് ഇവരുടെ തീരുമാനം. യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻറായിരുന്നു സജിൻ.

Advertisement