കണ്ണീരിന്‍റെ തുരുത്തിലേക്ക് ബെയിലിപാലം പൂര്‍ത്തിയായി

Advertisement

വയനാട്. വെല്ലുവിളിക്കുന്ന കാലാവസ്ഥയെ മറികടന്ന് ഇന്ത്യന്‍ സേന പാലം നിർമ്മാണം പൂർത്തിയാക്കി.പാലത്തിലൂടെയുള്ള സൈനീക വാഹനം കടത്തിവിട്ടുകൊണ്ടുള്ള ടെസ്റ്റ് റണ്ണും നടത്തി. ബെയിലി പാലത്തിൻറെ നിർമ്മാണം ഒന്നര ദിവസം കൊണ്ടാണ് സൈന്യം പൂർത്തിയാക്കിയത്. മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ഉൾപ്പെടെ തെരച്ചിൽ ഇനി കൂടുതൽ സജീവമാകും

മുണ്ടക്കൈ , അട്ടമല ഭൂപ്രദേശങ്ങളെ ബന്ധിപ്പിച്ചിരുന്നത് ചൂരൽമലയിലെ പാലമായിരുന്നു. ഉരുൾപൊട്ടി ഇരച്ചെത്തിയ പ്രവാഹം പാലത്തെയും തകർത്തു. ആദ്യദിവസം പാലത്തിനപ്പുറമുള്ള പ്രദേശം
ഒറ്റപ്പെട്ടു. ഫയർഫോഴ്സ് കെട്ടിയ സിപ്പ് ലൈനിലൂടെയാണ് രക്ഷാപ്രവർത്തകർക്ക് അപ്പുറത്തേക്ക് എത്താൻ കഴിഞ്ഞത്. തൊട്ടടുത്ത ദിവസം സൈന്യം ഒരു ചെറിയ നടപ്പാലം സജ്ജമാക്കി. രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പ്രവഹിച്ചു. ഒറ്റപ്പെട്ടുപോയ മനുഷ്യർക്ക് കരം നൽകാനായി . യന്ത്ര സഹായത്തോടെ പൂർണ്ണാർത്ഥത്തിൽ ഉള്ള തിരച്ചിൽ അപ്പോഴും പ്രതിസന്ധിയായി. ബെയിലി പാലമല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. സൈന്യം നടപടികൾ വേഗത്തിലാക്കി. വ്യോമസേനയുടെ വിമാനത്തിലും ബാംഗ്ലൂരിൽ നിന്ന് റോഡ് മാർഗവും സാധനസാമഗ്രികൾ എത്തി. പിന്നെയെല്ലാം ശരവേഗത്തിൽ. ഒരു രാത്രി പിന്നിട്ട് മറ്റൊരു രാത്രിയിലേക്ക് എത്തുമ്പോഴേക്കും ബെയിലി പാലം തയ്യാർ.

190 അടി നീളത്തിലാണ് പാലം നിർമ്മിച്ചത്.24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും.

നീളം കൂടുതലായതിനാൽ പുഴയ്ക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമ്മിച്ചിരുന്നത്.ഇനി രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈ വരെ വാഹനങ്ങളിൽ എത്താം. യന്ത്രസാമഗ്രികളുടെ സഹായത്തോടെ തിരച്ചിൽ തുടരാം. കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയിൽ താൽക്കാലിക പാലം കവിഞ്ഞ്ചൂരൽമല പുഴ ഒഴുകിയിരുന്നു. ഈ സാഹചര്യത്തിൽ ബെയിലി പാലത്തിന് സമാന്തരമായി 60 അടിയോളം നീളമുള്ള ഒരു കുഞ്ഞു പാലവും സൈന്യം സജ്ജമാക്കിയിരുന്നു

Advertisement