വയനാട് ഉരുൾപൊട്ടൽ 29 സ്ക്കൂൾ വിദ്യാർത്ഥികളെ കാണാതായി

Advertisement

കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളില്‍ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളില്‍ നിന്നുമായി 29 വിദ്യാർഥികളെയാണ് കാണാതായതെന്ന് ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വയനാട്ടില്‍ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് സ്കൂളുകളാണ് ഉരുള്‍പൊട്ടിയ ഭാഗങ്ങളില്‍ ഉള്ളത്. ഇതില്‍ വെള്ളാർമല സ്കൂളില്‍നിന്ന് 11 കുട്ടികളെയാണ് കാണാതായത്. കാണാതായ 29 കുട്ടികളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മുഴുവൻ കുട്ടികളുടെയും വിശദവിവരങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്.

ഉരുള്‍പൊട്ടലിനെ തുടർന്ന് മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കർണാടക സബ് ഏരിയ ജനറല്‍ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറല്‍ വി.ടി മാത്യു യോഗത്തെ അറിയിച്ചു.

ആർമിയുടെ 500 പേർ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തെരച്ചിലിനായി ഉണ്ട്. ഇനി ആരെയും രക്ഷപ്പെടുത്താൻ ഇല്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൂന്ന് സ്നിഫർ നായകളും തെരച്ചിലിനായി ഉണ്ട്. മുണ്ടക്കൈയിലേക്ക് യന്ത്രോപകരണങ്ങള്‍ എത്തിക്കാൻ പാലം പണിയല്‍ ആയിരുന്നു പ്രധാനദൗത്യം. ബുധനാഴ്ച രാത്രിയും ഇടതടവില്ലാതെയാണ് ഇതിന്റെ പ്രവൃത്തി നടന്നത്. കേരള പൊലീസിലെ 1000 പേർ തെരച്ചില്‍ സ്ഥലത്തും 1000 പൊലീസുകാർ മലപ്പുറത്തും പ്രവർത്തന രംഗത്ത് ഉണ്ടെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ അറിയിച്ചു.

മൃതദേഹം കിട്ടിയാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ പോസ്റ്റുമോർട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

Advertisement