ഉരുള്‍പൊട്ടല്‍ മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്,ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം

Advertisement

തിരുവനന്തപുരം. വയനാട് ദുരന്തത്തില്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. കളക്ടറും ഐജിയും മാത്രം മാധ്യമങ്ങളോട് സംസാരിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഉരുള്‍പൊട്ടല്‍ മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പില്‍ നിന്നും ഉത്തരവിറങ്ങി.

ഉരുള്‍പൊട്ടല്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ മാത്രം മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവച്ചാല്‍ മതി. വയനാട് കളക്ടറും ഐ.ജി സേതുരാമനും മാത്രം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ദുരന്ത നിവാരണ വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. ഐ.ജി സേതുരാമനെ ഓണ്‍സൈറ്റ് ഇന്‍സിഡന്റ് കമാണ്ടറായി നിയമിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെ ചുമതല ഐ.ജിക്ക് ആയിരിക്കും. ദുരന്ത സ്ഥലത്ത് നടത്തുന്ന എല്ലാ ഓപ്പറേഷനും ഐ.ജി സേതുരാമന്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരിക്കണം. ജില്ലയിലെ ഗതാഗത സംവിധാനങ്ങളുടെ ചുമതല എ.ഡി.ജി.പിക്കാണ്. ദുരന്ത മേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുതെന്ന് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതി സ്ഥാപനവും പഠനത്തിനോ ഫീല്‍ഡ് സന്ദര്‍ശനത്തിനോ പോകരുത്. ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദ്ഗധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവയ്ക്കരുത്. ഭാവിയില്‍ ഈ പ്രദേശത്ത് പഠനം നടത്തണമെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റിലുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.

Advertisement