ഉരുൾപൊട്ടലിൽ വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബത്തെ രക്ഷപ്പെടുത്തി വനംവകുപ്പ്

Advertisement

വയനാട്. മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബത്തെ രക്ഷപ്പെടുത്തി വനംവകുപ്പ്. മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കുടുംബത്തെയാണ് സാഹസികമായി രക്ഷപ്പെടുത്തി ക്യാമ്പിലേക്ക് മാറ്റിയത്. ഉരുൾപൊട്ടലിനു പിന്നാലെ ഇവർ പാറപ്പൊത്തിൽ അഭയം പ്രാപിക്കുകയായിരുന്നു.

വനത്തിൽ കണ്ട ആദിവാസി സ്ത്രീയും മകനും അറിയിച്ചതനുസരിച്ചാണ് വനം വകുപ്പും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധന ആരംഭിച്ചത്. മൂന്ന് മക്കളും ഭർത്താവും കുടുങ്ങിക്കിടപ്പുണ്ടെന്ന് ശാന്ത വിവരം നൽകി. മണിക്കൂറുകൾ നീണ്ട തിരച്ചിൽ. കിലോമീറ്ററുകളോളം ദുർഘടം പിടിച്ച വഴിയിലൂടെ യാത്രക്ക് ഒടുവിൽ, സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തുള്ള എറാട്ടുകുണ്ട് കോളനിയിലെ പാറപ്പൊത്തിൽ മൂന്ന് കുട്ടികളെയും പിതാവായ കൃഷ്ണനെയും കണ്ടെത്തി.

രണ്ടുദിവസം വിശന്നിരുന്ന കുരുന്നുകൾക്ക് ഉദ്യോഗസ്ഥർ ഭക്ഷണം നൽകി. പുറംലോകവുമായി പരിചയമില്ലാത്ത കുട്ടികളെ ഫോറസ്റ്റിൻറെ കാംപ് ഷെഡ്ഡിന് പുറത്ത് ഷെഡ് കെട്ടി താൽക്കാലികമായി പാർപ്പിച്ചിരിക്കുകയാണ്.

Advertisement