രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ജീവന്റെ തുടിപ്പെന്ന് സംശയം,രാത്രിയും പരിശോധന

Advertisement

കല്‍പ്പറ്റ: മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ജീവന്റെ തുടിപ്പെന്ന് സംശയം. റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിനുള്ളില്‍ ജീവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സിഗ്‌നല്‍ കിട്ടിയത് വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ്. ഇവിടെ നിന്ന് മൂന്ന് പേരെയാണ് കാണാതായത്.

റഡാര്‍ സിഗ്നല്‍ മൂന്ന് മീറ്റര്‍ താഴ്ച്ചയില്‍ നിന്നാണ് ലഭിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ഇറങ്ങി പരിശോധിക്കുന്നുണ്ട്. തകര്‍ന്ന വീടിന്റെ അടുക്കള ഭാഗത്താണ് പരിശോധന. ദുരന്തഭൂമിയില്‍ നിന്ന് റഡാര്‍ സിഗ്നല്‍ ലഭിക്കുന്നത് ആദ്യമായിട്ടാണ്. സ്ഥലത്തേക്ക് മെഡിക്കല്‍ സംഘം അടക്കം പുറപ്പെട്ടിട്ടുണ്ട്.

അതേസമയം മനുഷ്യ ശ്വാസത്തിന്റെ സിഗ്‌നല്‍ ആണിതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കലുങ്കനിടയില്‍ ആളിറങ്ങി പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്കായി സൈന്യവും എത്തിയിട്ടുണ്ട്. എന്‍ഡിആര്‍എഫിനൊപ്പം സൈന്യവും പരിശോധന നടത്തുന്നുണ്ട്. അതേസമയം കിട്ടിയ സിഗ്‌നല്‍ മനുഷ്യശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍. തവളയോ പാമ്പോ പോലുള്ള ജീവികളാകാമെന്ന് ആയിരുന്നു ആദ്യ നിഗമനം. എന്നാല്‍ അത് കുറേക്കൂടി ശക്തിയേറിയതാണെന്നും അത് ഉരഗത്തിന്‍റേതല്ലെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തിയതോടെ സന്നദ്ധ സംഘം ആവേശത്തോടെ പ്രവര്‍ത്തനം തുടങ്ങിയത്.

അതേസമയം ഇതുവരെയുള്ള തിരച്ചില്‍ മനുഷ്യ ശരീരമൊന്നും കണ്ടെത്തിയിട്ടില്ല. തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങാന്‍ സംഘം മടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തിരച്ചില്‍ തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതോടെ രക്ഷാ സംഘത്തെ തിരിച്ച് വിളിക്കുകയായിരുന്നു. റഡാര്‍ സിഗ്‌നല്‍ കിട്ടിയ സ്ഥലത്ത് രാത്രിയും തിരച്ചില്‍ തുടരും. ഫ്ളെഡ് ലൈറ്റ് എത്തിച്ച് പരിശോധന തുടരുകയാണ്. സൈന്യം ഇവിടെ രാത്രിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവിടെയുള്ള കെട്ടിടങ്ങള്‍ അടക്കം പൊളിച്ചുമാറ്റിയാല്‍ മാത്രമേ പൂര്‍ണതോതിലുള്ള പരിശോധന നടത്താന്‍ സാധിക്കൂ എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തകരും പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും റഡാര്‍ സിഗ്‌നല്‍ പരിശോധിച്ചത്. മുണ്ടക്കൈ കൂടാതെ ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയിലും ജീവന്റെ തുടിപ്പ് കണ്ടെത്താനായി റഡാര്‍ പരിശോധന നടത്തുന്നുണ്ട്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോനയ്ക്ക് ശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്. ശ്വാസം, അനക്കം എന്നിവ റഡാറില്‍ വ്യക്തമാകും. ജീവനുള്ള വസ്തു എന്തുമാകാമെന്നും, പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം നാലാം ദിനത്തിലേക്ക് കടന്നപ്പോള്‍ ഏറ്റവും നിര്‍ണായകമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് നേരത്തെ എന്‍ഡിആര്‍എഫ് കുഴിച്ച് പരിശോധിച്ചിരുന്നു.