നെഞ്ചുപൊടിയുന്ന കാഴ്ചയില്‍ ആ അധ്യാപകന്‍ തളര്‍ന്നുവീണു

Advertisement

വയനാട്. ദുരന്തം തകർത്ത വെള്ളാർമല സ്കൂൾ കണ്ട് പ്രധാനധ്യാപകൻ ഉണ്ണികൃഷ്ണൻ മാഷ് തളർന്നുവീണു. ഉരുൾപൊട്ടലിൽ തകർന്ന സ്വന്തം സ്കൂൾ കാണാനുള്ള ആവതില്ലാതെ നാല് ദിവസം പിടിച്ചു നിന്ന മാഷ് ഇന്ന് സ്കൂളിലെത്തിയപ്പോഴാണ് തകർന്നുപോയത്. സഹ അദ്ധ്യാപകരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ ഉണ്ണികൃഷ്ണൻ മാഷ് പ്രകൃതി തകര്‍ത്തെറിഞ്ഞ നാടിന്‍റെ നൊമ്പരപ്രതീകമാണ്..

കുട്ടികളും അധ്യാപകരും മാതാപിതാക്കളുമൊക്കെയായി ചേർന്ന് സ്വർഗം തീർത്തിരുന്ന ഇടമാണ് കല്ലും കാട്ടുവേരും തടിയും നിറഞ്ഞ ചെളിക്കുനയായി മാറിയത്.

കുട്ടികളെ തന്‍റെ മക്കളായി തന്നെ കണ്ടു സ്നേഹിച്ച പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാഷിനോട് സ്കൂളിലേക്ക് വരണ്ട എന്ന് മറ്റ് അധ്യാപകർ പറഞ്ഞിരുന്നു. മാഷിന് അത് താങ്ങാൻ ആവില്ലഎന്ന് അദ്ദേഹത്തിന്‍റെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. നാലുദിവസം പിടിച്ചുനിന്നു. അഞ്ചാം ദിനം മാഷ് സ്കൂളിലേക്ക് എത്തി.

നെഞ്ച് തകരാത്തവരില്ല. നിറഞ്ഞ പച്ചപ്പിന് ഇടയിലൂടെ കുളിരായി ഒഴുകിയിരുന്ന ചെറുപുഴ, സംഹാര രൂപം പൂണ്ട് ഭൂമിയെ പിളർത്തിരിക്കുന്നു. കുട്ടികളോടൊപ്പം ഓടിക്കളിച്ച സ്കൂൾമുറ്റം തകർന്ന് അപ്രത്യക്ഷമായിരിക്കുന്നു. ക്ലാസുകളിൽ ബെഞ്ചും ഡസ്കുമില്ല – ചെളിക്കൂനയും മരക്കഷണങ്ങളും. അതൊക്കെ എന്നെങ്കിലും തിരിച്ചുപിടിക്കാം. ജീവന്‍വെടിഞ്ഞ കുട്ടികളോ

ആലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ മാഷ് കഴിഞ്ഞ 18 വർഷമായി വെള്ളാർമലയിലെ അധ്യാപകനാണ്. സ്കൂളിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും കുടുംബാംഗം. ദുരന്തത്തിന് തലേന്നാൾ മാഷും മറ്റൊരു അധ്യാപകനും സ്കൂളിലാണ് ഉറങ്ങിയത്. ബന്ധു മരിച്ചതിനാൽ മാഷിന് നാട്ടിലേക്ക് പോകേണ്ടി വന്നു. മടങ്ങിയെത്താൻ കാത്തുനിൽക്കാതെ അപ്പോഴേക്കും ഉരുൾ എല്ലാം കവർന്നിരുന്നു.

Advertisement