വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ 215 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 87 സ്ത്രീകള്‍, 98 പുരുഷന്‍മാര്‍, 30 കുട്ടികള്‍ എന്നിങ്ങനെയാണ്. 148 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നും ദൗത്യം അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
91 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. ഡിസ് ചാര്‍ജ് ചെയ്ത 206 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 93 ദുരിതാശ്വാസ ക്യാംപിലായി 10,042 പേര്‍ താമസിക്കുന്നതായും ചൂരല്‍മലയില്‍ 10 ക്യാംപിലായി 1707 പേര്‍ താമസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണന. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചുകഴിഞ്ഞതായും പിണറായി പറഞ്ഞു.
വെള്ളാര്‍മല സ്‌കൂളില്‍ പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസമന്ത്രി വയനാട്ടിലെത്തി ഏകോപിപ്പിക്കും.