രക്ഷാപ്രവര്‍ത്തനത്തിനായി പോയി സൂചിപ്പാറയില്‍ കുടുങ്ങിപ്പോയ 3 യുവാക്കളെയും സൈന്യം രക്ഷപ്പെടുത്തി

Advertisement

രക്ഷാപ്രവര്‍ത്തനത്തിനായി പോയി സൂചിപ്പാറയില്‍ കുടുങ്ങിപ്പോയ 3 യുവാക്കളെയും സൈന്യം രക്ഷപ്പെടുത്തി. കാലിന് പരിക്കേറ്റ രണ്ട് യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ചൂരല്‍ മലയിലേക്ക് എത്തിച്ചു.
പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്‌സിന്‍ എന്നിവരാണ് ഇന്നലെ വൈകീട്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. ചാലിയാര്‍ പുഴ കടന്നാണ് ഇവര്‍ വയനാട്ടിലേക്ക് പോയത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. അവശരായ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
ഇന്ന് മൃതദേഹങ്ങള്‍ തേടിയെത്തിയവരാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി. അതിസാഹസികമായിട്ടാണ് ദൗത്യസംഘം ഇവരെ രക്ഷിച്ചത്. ആദ്യം പൊലിസിന്റെ സംഘമാണ് ഇവിടേക്ക് എത്തിയത്. അവരെ വടം ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് എയര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ദുരന്തം നടന്ന അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന യുവാക്കളാണ് ഇവര്‍ മൂവരും.

Advertisement